എയർ ഇന്ത്യക്ക് ആറ് മാസത്തിനിടെ നൽകിയത് ഒമ്പത് കാരണംകാണിക്കൽ നോട്ടീസുകൾ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യക്ക് ആറ് മാസത്തിനിടെ നൽകിയത് ഒമ്പത് കാരണംകാണിക്കൽ നോട്ടീസുകൾ. ഇതിൽ അഞ്ചെണ്ണം സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ടുള്ളതാണെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇതിൽ ഒരു ലംഘനത്തിന്റെ നിയമനടപടികൾ പൂർത്തിയായെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.രാംമോഹൻ നായിഡു പറഞ്ഞു. പരിശോധനകളിൽ എയർ ഇന്ത്യയുടെ വിമാനങ്ങളിൽ വലിയ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഡി.ജി.സി.എ നിർദേശത്തെ തുടർന്നാണ് എയർ ഇന്ത്യ വിമാനങ്ങളിൽ പരിശോധന നടത്തിയത്.
എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, വിമാനത്തിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയർന്നതിനുശേഷം ‘റൺ’ മോഡിൽനിന്ന് ‘കട്ട് ഓഫ്’ മോഡിലേക്ക് മാറ്റിയതായുള്ള പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നിരുന്നു.
‘എന്തുകൊണ്ടാണ് നിങ്ങൾ ഇന്ധനം നിർത്തിയത്? എന്ന് ഒരു പൈലറ്റ് ചോദിച്ചു. മറ്റൊരാൾ ‘ഞാൻ അങ്ങനെ ചെയ്തില്ല’ എന്ന് മറുപടി നൽകിയെന്നും എ.എ.ഐ.ബി റിപ്പോർട്ട് പറയുന്നു. എന്നാൽ, ചോദ്യം ഉന്നയിച്ചതും മറുപടി പറഞ്ഞതും ഏതു പൈലറ്റാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എൻജിനുകളിലേക്കുള്ള ഇന്ധനം നിർത്തിയത് മനഃപൂർവ്വമോ ആകസ്മികമോ ആണെന്നും സൂചിപ്പിച്ചിട്ടില്ല.
എന്നാൽ, ബുധനാഴ്ച പ്രസിദ്ധീകരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വിശദാംശങ്ങളുള്ള വാൾസ്‍ട്രീറ്റ് ജേണൽ ലേഖനത്തിൽ വിമാനത്തിന്റെ രണ്ട് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ബ്ലാക്ക്-ബോക്സ് റെക്കോർഡിങ് സൂചിപ്പിക്കുന്നത് വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ യു.എസ് ഉദ്യോഗസ്ഥരുമായി പരിചയമുള്ള വൃത്തങ്ങൾ പറയുന്നുവെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

