മദ്യത്തിന്റെ മണമടിച്ചു; വാൻകൂവർ വിമാനത്താവളത്തിൽ എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി
text_fieldsവാർകൂവർ: വിമാനം പറത്തുന്തിന് തൊട്ടുമുമ്പ് മദ്യം കഴിച്ചതിനെ തുടർന്ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ എയർ ഇന്ത്യ പൈലറ്റിനെ കസ്റ്റഡിയിലെടുത്തു. ഇത് അവസാന നിമിഷം വിമാനം പുറപ്പെടുന്നത് വൈകാൻ കാരണമായി. ക്രിസ്മസിന് ദിവസങ്ങൾക്കു മുമ്പ് ഡിസംബർ 23നാണ് സംഭവം നടന്നത്. വിയന്ന വഴി സർവിസ് നടത്തേണ്ടിയിരുന്ന വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ186 വിമാനവുമായി ബന്ധപ്പെട്ടാണ് സംഭവം.
ഡൽഹിയിലേക്ക് വിമാനം സർവിസ് നടത്തുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടിക്ക് അനുയോജ്യനാണോ എന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് കനേഡിയൻ അധികൃതർ പൈലറ്റിനെ ബ്രെത്ത് അനലൈസർ പരിശോധനക്ക് വിധേയനാക്കി. പൈലറ്റ് സ്റ്റോറിൽ മദ്യം കഴിക്കുന്നത് കണ്ടതിനെത്തുടർന്നോ കുപ്പി വാങ്ങുമ്പോൾ മദ്യത്തിന്റെ ഗന്ധം ശ്രദ്ധിച്ചതിനെത്തുടർന്നോ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ഒരു ജീവനക്കാരൻ കനേഡിയൻ അധികൃതരെ അറിയിച്ചു. അതിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിമാനത്തിൽ നിന്ന് പുറത്താക്കി. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പൈലറ്റ് പ്രവർത്തിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വിമാനം കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കോക്ക്പിറ്റ് ക്രൂ അംഗങ്ങളിൽ ഒരാളെ പുറപ്പെടുന്നതിനു മുമ്പ് ഇറക്കിയതിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
‘2025 ഡിസംബർ 23ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള എ.ഐ186 വിമാനം പുറപ്പെടുന്നതിന് മുമ്പ് കോക്ക്പിറ്റ് ക്രൂ അംഗങ്ങളിൽ ഒരാളെ ഇറക്കിയതിനെ തുടർന്ന് അവസാന നിമിഷം കാലതാമസം നേരിട്ടു. പൈലറ്റിന്റെ ഡ്യൂട്ടിക്കുള്ള യോഗ്യതയെക്കുറിച്ച് കനേഡിയൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് ക്രൂ അംഗത്തെ കൂടുതൽ അന്വേഷണത്തിനായി കൊണ്ടുപോയി. സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച് വിമാനം പ്രവർത്തിപ്പിക്കാൻ ഒരു ബദൽ പൈലറ്റിനെ നിയോഗിച്ചു. ഇത് കാലതാമസത്തിന് കാരണമായി - എയർലൈൻ പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രാദേശിക അധികാരികളുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
രണ്ട് സെറ്റുകളിലായി നാല് പൈലറ്റുമാർ സർവിസ് നടത്തേണ്ട അൾട്രാ ലോംഗ് ഹോൾ വിമാനം അന്ന് ഉച്ചകഴിഞ്ഞ് വാൻകൂവറിൽ നിന്ന് പുറപ്പെട്ട് വിയന്നയിൽ എത്തി. അവിടെ നിന്ന് മറ്റൊരു കൂട്ടം ജീവനക്കാർ ഡൽഹിയിലേക്ക് സർവിസ് നടത്തി. പൈലറ്റിനെ ഡൽഹിയിലെത്തിച്ച് അന്വേഷണം നടത്തിവരികയാണ്. വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ റിപ്പോർട്ട് ചെയ്തതായും പരിശോധിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

