ആഭ്യന്തര യാത്രാ നിരക്ക് കുറക്കാൻ ‘നോ മീൽസ്’ ടിക്കറ്റുകൾ അവതരിപ്പിക്കാൻ എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ആഭ്യന്തര വിമാന യാത്ര കൂടുതൽ ചെലവ് കുറഞ്ഞതാക്കാൻ ഭക്ഷണം ഉൾപ്പെടാത്ത പ്രത്യേക ടിക്കറ്റ് നിരക്കുകൾ അവതരിപ്പിക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ചാൽ യാത്രക്കാർക്ക് വിമാനത്തിലെ ഭക്ഷണം വേണ്ടെന്ന് തെരഞ്ഞെടുക്കാനാകും. അതനുസരിച്ച് ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുകയും ചെയ്യും.
രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര, ഹ്രസ്വ അന്താരാഷ്ട്ര സർവീസുകളിലാണ് ആദ്യം സംവിധാനം കൊണ്ടുവരാൻ സാധ്യത. ഭക്ഷണം ഒഴിവാക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 250 രൂപയിലധികം വരെ കുറവ് ലഭിച്ചേക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധനവില കുത്തനെ ഉയർന്നതും വിമാന കമ്പനികളുടെ പ്രവർത്തന ചെലവ് കുത്തനെ വർധിച്ചതുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ചെലവ് നിയന്ത്രിക്കാനും യാത്രക്കാർക്ക് കൂടുതൽ നിരക്ക് ഓപ്ഷനുകൾ നൽകാനുമാണ് കമ്പനിയുടെ ശ്രമം. യാത്രാ ചെലവ് കുറക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഈ ഓപ്ഷൻ ഉപകാരപ്രദമാകും.
ഹ്രസ്വദൂര ആഭ്യന്തര സർവിസുകളിൽ ആദ്യം അവതരിപ്പിക്കുന്ന ഈ പദ്ധതി യാത്രക്കാരുടെ പ്രതികരണം അനുസരിച്ചാണ് മറ്റു സർവിസുകളിലേക്കും വ്യാപിക്കുക. ദീർഘദൂര അന്താരാഷ്ട്ര സർവിസുകളിൽ ‘നോ മീൽസ്’ ടിക്കറ്റുകൾ ഉൾപ്പെടുത്തില്ല.
നിലവിൽ ആഭ്യന്തര സർവീസുകളിൽ ഭക്ഷണം നൽകുന്ന പ്രധാന ഇന്ത്യൻ വിമാനക്കമ്പനികളിൽ ഒന്നാണ് എയർ ഇന്ത്യ. പുതിയ പദ്ധതി നടപ്പായാൽ, കുറഞ്ഞ നിരക്കിലുള്ള ‘ലൈറ്റ് ഫെയർ’ അവതരിപ്പിച്ച് ഭക്ഷണവും ചില അനുബന്ധ സേവനങ്ങളും വേർതിരിച്ചു നൽകുന്ന രീതിയിലേക്കായിരിക്കും കമ്പനി മാറുക. അതേസമയം, ഈ നിർദേശം സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിലും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള തലത്തിൽ വിമാന ഇന്ധന വില കുത്തനെ ഉയർത്തിയിരുന്നു. ഇതോടെ മിക്ക വിമാനക്കമ്പനികളും ഹ്രസ്വ-ദീർഘ ദൂര സർവിസുകൾ വെട്ടിക്കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

