അഹ്മദാബാദ് ദുരന്തത്തിന് കാരണമായ അതേ തകരാർ: എയർ ഇന്ത്യ വിമാനം നിലത്തിറക്കി
text_fieldsബംഗളൂരു: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. എയർ ഇന്ത്യയുടെ എ.ഐ-132 ബോയിങ് ഡ്രീംലൈനർ വിമാനമാണ് ഇന്ധന നിയന്ത്രണ സ്വിച്ചിൽ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) തകരാർ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് റദ്ദാക്കിയത്. കഴിഞ്ഞ ജൂണിൽ അഹ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ കാരണവും ഫ്യൂവൽ സ്വിച്ചിലെ തകരാറായിരുന്നു. ഹീത്രുവിൽനിന്ന് വിമാനം റദ്ദാക്കിയതതോടെ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൽ 230ലധികം യാത്രികരുണ്ടായിരുന്നുവെന്നാണ് വിവരം.
വിമാന എൻജിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റുമാരിലൊരാളാണ് ഇന്ധന സ്വിച്ചിലെ തകരാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. ഉടൻ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവിസ് റദ്ദാക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ‘റൺ’ എന്ന നിലയിൽ നിന്ന് ‘കട്ട് ഓഫ്’ എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.
ബോയിങ് 787-8 വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ തകരാറുള്ളതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘‘പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം നിലത്തിറക്കി പരിശോധനകൾ ആരംഭിച്ചു. നിർമാതാക്കളായ ബോയിങ്ങുമായി ചേർന്ന് ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്’’ -എയർ ഇന്ത്യ അറിയിച്ചു.
അഹ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ ജൂൺ 12ലെ ബോയിങ് ഡ്രീംലൈനർ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടകാരണമായതെന്നും ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാകാം എന്നുമാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

