പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതക്കിടെ ഇറാൻ എയർസ്‍പേസ് ഒഴിവാക്കി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതക്കിടെ ഇറാൻ എയർസ്‍പേസ് ഒഴിവാക്കി എയർ ഇന്ത്യ. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇറാൻ എയർ സ്‍പേസ് ഒഴിവാക്കിയാണ് പറന്നതെന്ന് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ24ലെ വിവരങ്ങളിൽ നിന്നും വ്യക്തമാകും. യുറോപ്പിലേക്കുള്ള എയർ ഇന്ത്യയുടെ പല വിമാനങ്ങളും രണ്ട് മണിക്കൂർ വരെ വൈകിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്.
അതേസമയം, ഇസ്രായേലിൽ ആക്രമണം നടത്താൻ ഇറാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി.വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ബൈഡൻ മുന്നറിയിപ്പ് ആവർത്തിച്ചത്. ഇറാന് നൽകാനുള്ള സന്ദേശമെന്താണെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അരുത് എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രായേലിനെ സംരക്ഷിക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അത് തന്നെ ചെയ്യും. ഇറാന് വിജയിക്കാനാവില്ലെന്നും ബൈഡൻ പറഞ്ഞു. ചില വിവരങ്ങൾ പുറത്ത് വിടാനാവില്ല. എങ്കിലും ആക്രമണം വൈകാതെയുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡൻ കൂട്ടിച്ചേർത്തിരുന്നു. നേരത്തെ വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും ഇറാന്റെ ഇസ്രായേൽ ആക്രമണം വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് വക്താവും തയാറായിരുന്നില്ല.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സീനിയർ കമാൻഡറും ആറ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയുണ്ടാവുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇസ്രായേലിനും ഇറാനുമിടയിലുള്ള പ്രശ്നം രൂക്ഷമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

