ശുചിമുറികൾ ഉപയോഗശൂന്യം, വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ; വിമർശനത്തിനു പിന്നാലെ മറുപടി
text_fieldsന്യൂഡൽഹി: യു.എസിലെ ഷിക്കാഗോയിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ട് പത്ത് മണിക്കൂറിനു ശേഷം തിരികെയിറക്കിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിമാനം തിരിച്ചിറക്കിയെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാതെ വന്നതോടെയാണ് തിരികെ പറന്നതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഇന്ത്യക്ക് വ്യാപക വിമർശനം നേരിട്ട സംഭവമുണ്ടായത്.
വിമാനത്തിനുള്ളിലെ ടോയ്‍ലറ്റുകൾ ബ്ലോക്കായതോടെയാണ് തിരിച്ചിറക്കിയതെന്ന് യാത്രക്കാരിലൊരാൾ റെഡ്ഡിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. വിമാനത്തിലെ 12ൽ എട്ട് ശുചിമുറികളാണ് ബ്ലോക്കായത്. പുറപ്പെടുന്നതിനു മുമ്പുതന്നെ ജീവനക്കാർക്ക് ഇക്കാര്യം അറിയാമായിരുന്നിട്ടും യാത്രക്ക് തയാറാവുകയായിരുന്നു. വിമാനം തിരികെ പറക്കുന്നതായി ക്യാപ്റ്റൻ അറിയിച്ചില്ല. മുമ്പിലെ സ്ക്രീനിലുള്ള ഫ്ളൈറ്റ് മാപ്പിൽ ഇക്കാര്യം തിരിച്ചറിഞ്ഞ ചില യാത്രക്കാരുടെ ശ്രദ്ധയിൽ ഇക്കാര്യം വരികയായിരുന്നു.
ഇവർ ബഹളം വെച്ചതോടെയാണ് ക്യാപ്റ്റൻ അനൗൺസ്മെന്‍റ് നടത്തിയതെന്നും യാത്രക്കാരന്‍റെ പോസ്റ്റിൽ പറയുന്നു. പിന്നാലെ എയർ ഇന്ത്യയുടെ സർവീസ് മോശമാണെന്ന അഭിപ്രായവുമായി നൂറുകണക്കിന് കമന്‍റാണ് പോസ്റ്റിനു താഴെ വന്നത്. വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കുകയാണെന്നും യാത്രക്കാർക്ക്, തമസ, ലോഞ്ച് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നുമായിരുന്നു എയർ ഇന്ത്യയുടെ ആദ്യ പ്രതികരണം.
എന്നാൽ വിവാദം ശക്തമായതോടെ ശുചിമുറികൾ എന്തിനുവേണ്ടിയാണോ തയാറാക്കിയത്, അതിനായി മാത്രം ഉപയോഗിക്കണമെന്ന അഭ്യർഥനയുമായി എയർ ഇന്ത്യ രംഗത്തെത്തി. പോളിത്തീൻ ബാഗുകളും തുണിക്കഷണങ്ങളും ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ടോയ്‍ലറ്റ് ഉപയോഗിക്കാൻ പറ്റാത്തവിധം ബ്ലോക്ക് ആകുന്നതിന് കാരണമാകും. ഷിക്കാഗോയിൽനിന്നുള്ള ഫ്ളൈറ്റ് തിരികെ അയച്ചത് യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

