കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവിസ് വിപുലപ്പെടുത്തും, ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല -എം.ഡി ഉറപ്പുനൽകിയതായി എം.പിമാർ
text_fieldsന്യൂഡൽഹി: കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്‌ടർ അലോക് സിങ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം കെ. രാഘവൻ എന്നിവർ എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനത്ത് നടത്തിയ ചർച്ചയിൽ ആണ് എം.ഡിയുടെ പ്രതികരണം.
26 വിമാനങ്ങളുമായി ഹ്രസ്വദൂര അന്താരാഷ്‌ട്ര സർവിസുകൾകൾക്കായി ആരംഭിച്ച കമ്പനിക്ക് ഏറ്റവും കൂടുതൽ അന്തരാഷ്ട്ര യാത്രക്കാരെ നൽകിയത് കോഴിക്കോട് വിമാനത്താവളമാണെന്നും ടാറ്റ ഏറ്റെടുത്ത ശേഷം 115 വിമാനങ്ങളായി കമ്പനി വളർന്നപ്പോൾ അർഹിച്ച പരിഗണന കോഴിക്കോടിന് ലഭിച്ചില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. കോഴിക്കോട് നിന്ന് മാത്രം എയർ ഇന്ത്യ എക്സ്പ്രസ് അമിത ഹജ്ജ് വിമാന നിരക്ക് ഈടാക്കിയതിലെ പ്രതിഷേധമറിയിച്ച എം.പിമാർ, തീർഥാടകർ വിമാനത്താവളത്തെ കൈവിടുന്നത് ഈ വർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അമിത ഹജ്ജ് വിമാന നിരക്ക് ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്ന് പ്രതികരിച്ച മാനേജിങ് ഡയറക്‌ടർ, ആഭ്യന്തര വിമാന സർവീസ് വർദ്ധിപ്പിക്കണമെന്ന എം.പിമാരുടെ ആവശ്യം പരിഗണിക്കുമെന്നും ഉറപ്പ് നൽകി.
നിലവിലെ ബംഗളൂരു സർവിസ് ഡൽഹി വരെ നീട്ടുന്നത് പരിഗണിക്കും. പുതിയ നവി മുംബൈ എയർപോർട്ട് ഓപറേഷൻ ആരംഭിക്കുന്നതോടെ കോഴിക്കോട് നിന്ന് മുംബൈയിലേക്ക് എക്സ്പ്രസ്സ് സർവിസ് തുടങ്ങും. ടൂറിസം സെക്‌ടറായി പരിഗണിച്ച് ഗോവയിലേക്കുള്ള സർവിസ് സാധ്യത പരിശോധിക്കുമെന്നും അലോക് സിങ് ആവർത്തിച്ചു.
തിരുവനന്തപുരം, കൊൽക്കത്ത റൂട്ടുകളിലെ സർവിസും നിലവിലെ അന്താരാഷ്ട്ര സർവീസുകളായ കുവൈത്ത്, ബഹ്‌റൈൻ, അൽ ഐൻ പ്രതിദിന സർവിസുകൾക്കും ഫുജൈറ, മദീന, സിങ്കപ്പൂർ സെക്‌ടറുകളിൽ പുതിയ സർവിസുകൾക്കും എം.പിമാർ ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

