അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ യു.എസിൽ സംയുക്ത യോഗം, ബോയിങ് അടക്കമുള്ളവർ പങ്കെടുക്കും
text_fieldsഅഹമ്മദാബാദിൽ അപകടത്തിൽ പെട്ട് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ യന്ത്രഭാഗം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ അടുത്തയാഴ്ച യു.എസിൽ സംയുക്ത അവലോകന യോഗം ചേരും. ഇന്ത്യയിൽ അപകടം സംബന്ധിച്ച അന്വേഷണത്തിന് നേതൃത്വം നൽകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സംഘത്തിന് പുറമെ, യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി), ബോയിങ്ങുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
വാഷിങ്ടണിലെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ അപകടവുമായി ബന്ധപ്പെട്ട് എൻ.ടി.എസ്.ബി ഇതുവരെ ശേഖരിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് പരിശോധിക്കാനാവും. ഇതിന് പുറമെ, കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ വിശകലനം അന്വേഷണസംഘം യോഗത്തിൽ അവതരിപ്പിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അന്വേഷണരീതി സംബന്ധിച്ച് ഇന്ത്യയുടെയും യു.എസിന്റെയും ഏജൻസികൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാവുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തിരുന്നതായി പ്രാഥമിക വിലയിരുത്തലുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് എഞ്ചിനുകളുടെ പ്രവർത്തനം നിലച്ചു. 10 സെക്കൻറുകൾക്ക് പിന്നാലെ, സ്വിച്ചുകൾ ഓൺ ചെയ്തെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നുവെന്നും കണ്ടെത്തലുകളുണ്ടായിരുന്നു. എന്നാൽ, അപകടം പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവല്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്തം അവരുമേൽ കെട്ടിവെക്കരുതെന്നും ചൂണ്ടി പൈലറ്റുമാരുടെ സംഘടനയും രംഗത്തുണ്ട്.
അതേസമയം, അന്വേഷണ സംഘം ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ബ്ളൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ഇന്ധന സ്വിച്ചുകൾ എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും മറ്റേ പൈലറ്റ് അത് നിഷേധിക്കുന്നതുമായ ശബ്ദരേഖ കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. ഇതടക്കം രേഖകളും ഇതര സാങ്കേതിക വിവരങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് എത്തിയാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ എന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എ.എ.ഐ.ബി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

