Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹ്മദാബാദ് വിമാനാപകട...

അഹ്മദാബാദ് വിമാനാപകട അന്വേഷണം അന്തിമഘട്ടത്തിലെന്ന് എ.എ.ഐ.ബി; അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ

text_fields
bookmark_border
അഹ്മദാബാദ് വിമാനാപകട അന്വേഷണം അന്തിമഘട്ടത്തിലെന്ന് എ.എ.ഐ.ബി; അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ
cancel

ന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഒക്ടോബറോടെ തയാറാകുമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സുപ്രീം കോടതിയെ അറിയിച്ചു. 260 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണമായ അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ചത്.

അപകടത്തിന്റെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുത്ത്, അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി വളരെ ശ്രദ്ധാപൂർവ്വമാണ് നിശ്ചയിച്ചിരിക്കുന്നത്. ബാഹ്യമായ തടസ്സങ്ങൾ നീങ്ങിയാൽ അടുത്ത ആറാഴ്ചക്കുള്ളിൽ അന്വേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.എ.ഐ.ബി ഡയറക്ടർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ചട്ടപ്രകാരം, തയാറാക്കുന്ന കരട് റിപ്പോർട്ട് ആദ്യം വിമാനത്തിന്റെ നിർമാണത്തിന് ഉത്തരവാദികളായ അമേരിക്കൻ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന് അയക്കും. അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും അന്തിമരൂപം നൽകുക.

നിലവിൽ തെളിവുകൾ ശേഖരിക്കുന്നതിനും സാങ്കേതികവും ഫോറൻസിക് സംബന്ധവുമായ പരിശോധനകൾ നടത്തുന്നതുമാണ് അന്വേഷണത്തിന്റെ പ്രധാന ഘട്ടം. അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റുമാർ, ക്രൂ അംഗങ്ങൾ, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി പേരെ ചോദ്യം ചെയ്തതായും ബ്യൂറോ കോടതിയെ അറിയിച്ചു.

അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന മാധ്യമങ്ങളിലെ പ്രചാരണങ്ങളും ഊഹാപോഹങ്ങളും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി എ.എ.ഐ.ബി സമ്മതിച്ചു. ഇത്തരം റിപ്പോർട്ടുകൾ കാരണം പല സാക്ഷികളും അന്വേഷണത്തോട് സഹകരിക്കാൻ വിമുഖത കാണിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. എങ്കിലും, പരിചയസമ്പന്നരായ പൈലറ്റുമാർ, എയ്‌റോനോട്ടിക്കൽ എൻജിനീയർമാർ, ഏവിയേഷൻ സൈക്കോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

എന്നാൽ കോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ ബ്യൂറോ ശക്തമായി എതിർത്തു. നിലവിൽ അന്താരാഷ്ട്ര നിലവാരമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും നിയമസംവിധാനങ്ങൾ പൂർണമാണെന്നും അതിനാൽ സമാന്തര അന്വേഷണത്തിന് പ്രസക്തിയില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി. നിശ്ചിത നടപടിക്രമങ്ങളിൽ 66 എണ്ണത്തിൽ 49 എണ്ണം ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കോക്ക്‌പിറ്റ് വോയ്‌സ് റെക്കോർഡറിലെ വിവരങ്ങൾ പുറത്തുവിടണമെന്ന ഹരജിക്കാരുടെ ആവശ്യത്തെയും എ.എ.ഐ.ബി എതിർത്തു. 2025ലെ എയർക്രാഫ്റ്റ് നിയമപ്രകാരം ഇത്തരം വിവരങ്ങൾ പരസ്യപ്പെടുത്താൻ കർശനമായ വിലക്കുണ്ട്. വിവരങ്ങൾ പുറത്തുവിട്ടാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ അന്വേഷിക്കുമ്പോൾ സാക്ഷികൾ സഹകരിക്കാൻ മടിക്കുമെന്നും ഇത് വ്യോമയാന സുരക്ഷയെ തന്നെ അപകടത്തിലാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തലല്ല, മറിച്ച് വ്യോമയാന സുരക്ഷ മെച്ചപ്പെടുത്തുക മാത്രമാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും എ.എ.ഐ.ബി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashAir India planeInvestigation ReportAAIBSupreme CourtAhmedabad Plane Crash
News Summary - Air India crash: Draft final report will be ready by October, AAIB tells Supreme Court
Next Story