ലെൻസ്കാർട്ടിന് പിന്നാലെ എയർ ഇന്ത്യയും ‘ബിന്ദി, തിലകം’ വിവാദത്തിൽ; വിശദീകരണവുമായി കമ്പനി
text_fieldsന്യൂഡൽഹി: പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ടിന് പിന്നാലെ ജീവനക്കാരുടെ ഗ്രൂമിങ് മാർഗനിർദേശങ്ങളുടെ പേരിൽ വിവാദത്തിലായി എയർ ഇന്ത്യയും. ജീവനക്കാർ പൊട്ടും സിന്ദൂരവും ധരിക്കരുതെന്ന നിർദേശങ്ങൾ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ ഹാൻഡ്‌ബുക്കിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
നെറ്റിയിൽ ഒരു തരത്തിലുള്ള സിന്ദൂരമോ ബിന്ദിയോ അനുവദിക്കില്ലെന്ന് മാർഗനിർദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. സാരിക്കൊപ്പം അഞ്ച് മില്ലിമീറ്റർ വലിപ്പമുള്ള പൊട്ട് മാത്രമാണ് അനുവദിക്കുക. എന്നാൽ, ഇൻഡോ -വെസ്റ്റേൺ വസ്‍ത്രങ്ങൾക്കൊപ്പം പൊട്ട് ധരിക്കാൻ പാടില്ലെന്ന് ഹാൻഡ്‌ബുക്കിൽ നിർദേശിക്കുന്നതായി പറയുന്നു. അതേസമയം, വിവാദങ്ങളിൽ പ്രതികരിച്ച് എയർ ഇന്ത്യ വക്താവ് രംഗത്തെത്തി. എയർലൈൻ ജീവനക്കാർക്ക് പൊട്ട് ധരിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ലെന്നും നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പഴയ മാനുവലാണെന്നും അദ്ദേഹം പറഞ്ഞു. പൊട്ടുകളുടെ കാര്യത്തിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും എങ്ങനെ ധരിക്കണം എന്നതിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
നേരത്തേ, ലെൻസ്കാർട്ടിന്റെ സ്റ്റൈൽ ഗൈഡും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് കമ്പനി ക്ഷമാപണം നടത്തുകയും ജീവനക്കാർക്ക് ജോലി സ്ഥലത്ത് മതപരവും സംസ്കാരികവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്ന ‘പുതിയ വസ്ത്രധാരണ നയം’ പുറത്തിറക്കുകയും ചെയ്തു. ലെൻസ്കാർട്ട് ജീവനക്കാർക്ക് ചില മതചിഹ്നങ്ങൾ അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് പ്രചരിച്ച സ്ക്രീൻഷോട്ട് വിവാദങ്ങൾക്ക് കാരണമാകുകയായിരുന്നു. കമ്പനിയുടെ സ്റ്റൈൽ ഡൈഗിൽനിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്. ബിന്ദിയും തിലകവും വിലക്കുകയും ഹിജാബ് അനുവദിക്കുകയും ചെയ്യുന്ന ലെൻസ്കാർട്ടിന്റെ നയം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. ലെൻസ്കാർട്ട് ഉൽപ്പന്നങ്ങൾ ബഹിഷ്‍കരിക്കാനും ഇവർ ആഹ്വാനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

