ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി എയർ ഹോസ്റ്റസ്
text_fieldsഗുരുഗ്രാം: ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എയർ ഹോസ്റ്റസ്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സംഭവം. പീഡനം നടക്കുമ്പോൾ രണ്ട് നഴ്‌സുമാർ മുറിയിൽ ഉണ്ടായിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പശ്ചിമ ബംഗാൾ സ്വദേശിയായ എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ പ്രൊഫഷണൽ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിന് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവരെ ഏപ്രിൽ 13ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ ആറിന് ലൈഫ് സപ്പോർട്ടിൽ ആയിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
ഡിസ്ചാർജ് ആയ ശേഷം ഭർത്താവിനെ വിവരമറിയിക്കുകയും അവർ പൊലീസിനെ സമീപിക്കുകയും ചെയ്തു. സദർ പൊലീസ് തിരിച്ചറിയാത്ത ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക പീഡന കുറ്റത്തിനും മറ്റ് ബാധകമായ വകുപ്പുകൾക്കുമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു.
രോഗിയുടെ പരാതിയെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുമെന്നും ആശുപത്രി പ്രസ്താവന ഇറക്കിയിട്ടുണ്ട്. പരാതിയിൽ പറയുന്ന കാലയളവിലെ ആശുപത്രിയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ പ്രസക്ത രേഖകളും പൊലീസിന് കൈമാറിയതായും പ്രസ്താവനയിൽ പറയുന്നു.
കോടതിയിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ എയർ ഹോസ്റ്റസിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഉടൻ തിരിച്ചറിയും ഗുരുഗ്രാം പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.