കരാറുകൾ വൈകുന്നത് നിരാശജനകമെന്ന് വ്യോമസേന മേധാവി
text_fieldsഎയർ മാർഷൽ അമർ പ്രീത് സിങ്
ന്യൂഡൽഹി: സുപ്രധാന പ്രതിരോധ ഇടപാടുകളിലെ കാലതാമസം ആശങ്കജനകമെന്ന് വ്യോമസേന മേധാവി എയർ മാർഷൽ അമർ പ്രീത് സിങ്. പലപ്പോഴും കരാറുകൾ ഒപ്പിടുമ്പോൾതന്നെ ഇത് ഒരിക്കലും യാഥാർഥ്യമാവില്ലെന്ന് തോന്നും. കാലതാമസമാണ് വലിയ പ്രതിസന്ധി, ഒരു പദ്ധതിപോലും കൃത്യസമയത്ത് പൂർത്തിയായതായി തന്റെ ഓർമയിലില്ല. സാധ്യമല്ലെങ്കിൽ എന്തിനാണ് ഇത്തരം കരാറുകളിൽ ഉറപ്പുകൾ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
തദ്ദേശീയ പങ്കാളിത്തത്തോടെയുള്ളതടക്കം നിരവധി പദ്ധതികളാണ് ഇത്തരത്തിൽ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്.എ.എൽ) 2021 ഫെബ്രുവരിയിൽ ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട തേജസ് എം.കെ-1എ യുദ്ധവിമാനം ഇതുവരെ തയാറായില്ല.
2024 മാർച്ചിൽ വിതരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഓർഡർ നൽകിയ 83 യുദ്ധവിമാനങ്ങളിൽ ഒന്നുപോലും ഇതുവരെ എത്തിയില്ലെന്നും വ്യോമസേന മേധാവി പറഞ്ഞു. തേജസ് എം.കെ2ന്റെ മാതൃകപോലും ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അമർ പ്രീത് സിങ്. മേക്ക് ഇൻ ഇന്ത്യ ആശയത്തെ പ്രോത്സാഹിപ്പിക്കാൻ വ്യോമസേന പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ, കരാറുകളിലെ വിശ്വാസ്യതക്കുറവ് പലപ്പോഴും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

