ബിഹാറിന്റെ ആകാശത്ത് പാറിപറന്നത് കോടികൾ; വട്ടമിട്ട് പറന്നത് 450 ലധികം വിമാനങ്ങൾ, സമാനതകളില്ലാത്ത 'ആകാശ യുദ്ധം'
text_fieldsപട്ന: ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷിയായത്. ബിഹാറിന്റെ മണ്ണും ആകാശവും ഒരുപോലെ തെരഞ്ഞെടുപ്പിന്റെ വീറും ചൂരും അറിഞ്ഞു.
ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പരിസമാപ്തിയാകുമ്പോൾ ഹെലികോപ്റ്ററുകളും ചാർട്ടേഡ് വിമാനങ്ങളും ഉൾപ്പെടെ 450-ലധികം സർവീസുകളാണ് ബിഹാറിന്റെ ആകാശത്തിലൂടെ പറന്നത്.
ചാർട്ടേഡ് വിമാനങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള ഉന്നത രാഷ്ട്രീയക്കാരെ സമാനതകളില്ലാത്ത അളവിലും ചെലവിലും പ്രചാരണത്തിനായി കൊണ്ടുപോയി. നവംബർ 11-ന് പട്ന വിമാനത്താവളത്തിൽ നിന്ന് 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്ക് പ്രതിദിനം 25 ഹെലികോപ്റ്ററുകളും 12 ചാർട്ടേഡ് വിമാനങ്ങളും പറന്നുയർന്നു. ഇത് രാജ്യത്തെ രാഷ്ട്രീയ യുദ്ധത്തിന്റെ കുതിച്ചുയരുന്ന ചെലവുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
20 ജില്ലകളിലായി നടന്ന പ്രചാരണത്തിനായി, ഏകദേശം 25 ഹെലികോപ്റ്ററുകളും 12 ചാർട്ടേഡ് വിമാനങ്ങളും എല്ലാ ദിവസവും പട്ന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ആദ്യ ഘട്ടത്തിൽ ഏകദേശം 210 വിമാനങ്ങൾ പറന്നപ്പോൾ രണ്ടാം ഘട്ടത്തിൽ ഏകദേശം 240 വിമാനങ്ങളാണ് പറന്നുയർന്നത്.
ചാർട്ടേഡ് ജെറ്റുകൾക്ക് മണിക്കൂറിൽ 400,000 രൂപ മുതൽ 900,000 രൂപ വരെയാണ് വില. നാല് പേർക്ക് ഇരിക്കാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ ഏകദേശം 1.5 ലക്ഷം രൂപ വിലവരും, ഇരട്ട എഞ്ചിൻ മോഡലുകൾക്ക് മണിക്കൂറിൽ 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വില.കോടിക്കണക്കിന് രൂപയുടെ ഇന്ധനം ഉപയോഗിച്ച്, ഭൂമിയില്‍ മാത്രമല്ല, ആകാശത്തും തെരഞ്ഞെടുപ്പ് പോരാട്ടം നടന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാർ ഔറംഗാബാദിലും റോഹ്താസിലും റാലികളെ അഭിസംബോധന ചെയ്തു. രണ്ട് ഘട്ടങ്ങളിലുമായി 84 റാലികളെ നിതീഷ് അഭിസംബോധന ചെയ്തു. 73 എണ്ണം ഹെലികോപ്റ്റർ വഴിയും 11 എണ്ണം റോഡ് വഴിയും. ആർജെഡി നേതാവ് തേജസ്വി യാദവ് അർവാൾ, റോഹ്താസ്, ജെഹനാബാദ് എന്നിവിടങ്ങളിൽ 16 റാലികൾ നടത്തി. എച്ച്.എ.എം (എസ്) യിലെ ജിതൻ റാം മാഞ്ചി ഹെലികോപ്റ്ററിൽ 72 റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

