സുപ്രധാന ദൗത്യമെന്ന് അസദുദ്ദീൻ ഉവൈസി; ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിക്കും
text_fieldsന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാൻ വിദേശത്തേക്ക് പോകുന്ന സർവകക്ഷി സംഘത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. സുപ്രധാന ദൗത്യമാണെന്നും തന്നിലർപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉവൈസി വ്യക്തമാക്കി.
ഒരു പാർട്ടിക്ക് നൽകിയ പങ്കാളിത്തമായി കാണുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് നടക്കുന്ന യോഗത്തിലേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ. താൻ ഉൾപ്പെട്ട സംഘത്തിനെ അടുത്ത സുഹൃത്തായ ബൈജയന്ത് ജയ് പാണ്ടെയാണ് നേതൃത്വം നൽകുന്നത്. നിഷികാന്ത് ദുബെ, ഫംഗ്നോൺ കൊന്യാക്, രേഖ ശർമ, സത്നം സിങ് സന്ധു, ഗുലാം നബി ആസാദ് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടേക്കും. യു.കെ, ഫ്രാൻസ്, ബെൽജിയം, ജർമനി, ഇറ്റലി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുകയെന്നും ഉവൈസി പറഞ്ഞു.
ഞങ്ങൾ രാജ്യത്തെയും കേന്ദ്രസർക്കാറിനെയുമാണ് പ്രതിനിധീകരിക്കുന്നത്. നമ്മുടെ സഹോദരിമാർ വിധവകളും നമ്മുടെ കുട്ടികൾ അനാഥരുമായത് എങ്ങനെയെന്നും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ നീക്കത്തെ കുറിച്ചും വിദേശ രാജ്യങ്ങളെ ധരിപ്പിക്കും.
നമ്മൾ ലോക സമ്പദ് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയെ അസ്ഥിരപ്പെടുത്തിയാൽ അത് ലോകത്തെ ആകമാനം പ്രതികൂലമായി ബാധിക്കും. പാക് ഷെല്ലാക്രമണത്തിൽ 21 സിവിലിയന്മാർ കൊല്ലപ്പെട്ടു. പൂഞ്ചിൽ നാലു കുട്ടികളും അഞ്ച് സൈനികരും കൊല്ലപ്പെട്ടു. ഇക്കാര്യങ്ങൾ വിദേശ രാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

