എയിംസിൽനിന്ന് ഗുണനിലവാരമില്ലാത്ത സിറിഞ്ചുകൾ തിരിച്ചുവിളിച്ചു
text_fieldsന്യൂഡൽഹി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വിതരണം ചെയ്ത ചില ബാച്ച് ഡിസ്പോസിബിൾ സിറിഞ്ചുകൾ ഗുണനിലവാരമില്ലാത്തതെന്ന പരാതിയെ തുടർന്ന് തിരിച്ചുവിളിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. നോബിൾ ഫാർമാക്കേർ ലിമിറ്റഡ്, വി.കെ സർജിക്കൽസ് എന്നീ കമ്പനികൾ ഉൽപ്പാദിപ്പിച്ച സിറിഞ്ച് ബാച്ചുകളാണ് തിരിച്ചുവിളിച്ചത്.
മുസ്ലിംലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാധവ് ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയത്. വീഴ്ച വരുത്തിയ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും, ഈ ബാച്ചിലെ മുഴുവൻ സിറിഞ്ചുകൾക്ക് പകരം പുതിയവ ലഭ്യമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത സിറിഞ്ചുകൾ കാരണം രോഗികൾക്ക് ഇതുവരെ പാർശ്വഫലങ്ങളോ മറ്റ് പ്രയാസങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എയിംസിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുണ്ട്. സാമ്പിളുകളുമായി ഒത്തുപോകാത്തവ തള്ളിക്കളയാൻ ഇൻസ്പെക്ഷൻ കമ്മിറ്റിയുണ്ട്. കൂടാതെ, ഇത്തരത്തിലുള്ള സംഭവങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ നടപടികൾ നിർദേശിക്കാൻ പ്രത്യേക 'പേഷ്യന്റ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെൽ' പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സർക്കാറിന്റെയും കേന്ദ്ര ആരോഗ്യ മേഖലയുടെയും ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയെ വളരെ നിസ്സാരമായെടുത്ത് വിശദീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഹാരിസ് ബീരാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

