ആരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രോണിൽ രക്തം എത്തിച്ച് ഭുവനേശ്വർ എയിംസ്
text_fieldsആരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രോണിൽ രക്തം എത്തിച്ച് ഭുവനേശ്വർ എയിംസ്
ഭുവന്വേശ്വർ: ഒഡീഷയിലെ ഖോർധ ജില്ലയിൽ ആരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രോണിൽ രക്തം എത്തിച്ച് ഭുവനേശ്വർ എയിംസ്. താംഗി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രോൺ സഹായത്തോടെ രക്തം എത്തിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 35 മിനിറ്റിൽ 60 കിലോമീറ്റർ ദൂരെയുള്ള ആരോഗ്യ കേന്ദ്രത്തിൽ ബ്ലഡ് ബാഗ് എത്തിച്ചതായി എയിംസ് അധികൃതർ പറഞ്ഞു.
രാജ്യത്ത് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് രക്തം എത്തിക്കുന്നത് ഭുവനേശ്വർ എയിംസ് ആണ് അധികൃതർ അവകാശപ്പെട്ടു. ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ത സാമ്പിളുകൾ ഡ്രോണിൽ തന്നെ തിരിച്ചയച്ചതായി എയിംസ് എക്സിക്യൂട്ടിവ് ഡയറക്ടർ അശുതോഷ് ബിശ്വാസ് വ്യക്തമാക്കി.
പ്രളയം, കൊടുങ്കാറ്റ് പോലെയുള്ള പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഡ്രോൺ സർവീസുകൾ ഉപകാരപ്പെടുമെന്ന് ബിശ്വാസ് ചൂണ്ടിക്കാട്ടി. 12 കിലോ ഭാരമുള്ള ഡ്രോണിന്, 2 മുതൽ 5 കിലോ വരെ മെഡിക്കൽ വസ്തുക്കൾ വഹിക്കാനും മണിക്കുറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുവാനും ശേഷിയുണ്ട്.
ജി.പി.എസ് സംവിധാനങ്ങൾ ഉപയോഗിച്ച് വസ്തുക്കൾ സുരക്ഷിതവും സമയബന്ധിതമായും എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആരോഗ്യ രംഗത്ത് നിരവധി വികസനങ്ങൾ കൊണ്ടുവരാൻ എയിംസ് ആഗ്രഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൈ എയർ മൊബിലിറ്റിയാണ് എയിംസിന് വേണ്ടി ഡ്രോൺ സർവീസ് നടത്തുന്നത്. ഒഡീഷയിലെ ആരോഗ്യ മേഖലയിൽ ഈ സംരംഭത്തിന് ഒരുപാട് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് സ്കൈ എയർ മൊബിലിറ്റി സി.ഇ.ഒ അനിത് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

