‘ഇനി നമുക്കിടയിൽ ഭിന്നതകളില്ല’; തോൽവിക്ക് പിന്നാലെ എ.ഡി.എം.കെയിൽ അടിയന്തര നീക്കം, നാല് എം.എൽ.എമാർ ടി.വി.കെയിലേക്ക്
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അണ്ണാ ഡി.എം.കെയിൽ കടുത്ത ആഭ്യന്തര പ്രതിസന്ധി. പാർട്ടിയിലെ നാല് എം.എൽ.എമാർ രാജി വെച്ച് ഭരണകക്ഷിയായ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേർന്നതോടെ എ.ഡി.എം.കെ തകർച്ചയുടെ വക്കിലാണ്. ഇതോടെ, പാർട്ടിയിലെ ഭിന്നതകൾ മറന്ന് വിമത വിഭാഗങ്ങൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
അമ്പാസമുദ്രം എം.എ.ൽ.എ ഇസക്കി സുബ്ബയ്യയാണ് ഏറ്റവും ഒടുവിലായി പാർട്ടി വിട്ട് മുഖ്യമന്ത്രി വിജയ്‌യുടെ ടി.വി.കെയിൽ ചേർന്നത്. രണ്ട് ദിവസത്തിനിടെ പാർട്ടി വിടുന്ന നാലാമത്തെ എ.ഡി.എം.കെ നിയമസഭാംഗമാണ് ഇദ്ദേഹം. നേരത്തെ എം.എൽ.എമാരായ കെ. മരഗതം, ഡി. ജയകുമാർ, വി. സത്യഭാമ എന്നിവരും രാജി വെച്ച് ടി.വി.കെയിൽ ചേർന്നിരുന്നു. ഇതോടെ 234 അംഗ നിയമസഭയിൽ എ.ഡി.എം.കെയുടെ അംഗസംഖ്യ 43 ആയി ചുരുങ്ങി. ഒഴിഞ്ഞുകിടക്കുന്ന ഈ സീറ്റുകളിലേക്ക് ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും.
പാർട്ടിയിൽ നിന്ന് തുടർച്ചയായി പ്രമുഖ നേതാക്കൾ ഒഴിഞ്ഞുപോകുന്ന പശ്ചാത്തലത്തിൽ, എ.ഡി.എം.കെയുടെ ഔദ്യോഗിക ഐ.ടി വിങ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒ.പി.എസ്, ടി.ടി.വി ദിനകരൻ തുടങ്ങിയ വിമത വിഭാഗങ്ങളുമായി പാർട്ടി വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
‘എനിക്ക് ശേഷവും, ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ജനങ്ങൾക്കായി തന്നെ നിലകൊള്ളും’ അമ്മയുടെ കോടിക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്താൽ വളർന്ന ഈ ഉരുക്കുകോട്ടയെ ഇനി ആർക്കും തകർക്കാൻ കഴിയില്ല! ഇനി നമുക്കിടയിൽ ഭിന്നതകളില്ല’ എന്നാണ് എക്സ് പോസ്റ്റ്.
2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയുടെ (EPS) നേതൃത്വത്തിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തി പുകയുകയാണ്. തെരഞ്ഞെടുപ്പിൽ എഡി.എം.കെക്ക് വെറും 47 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, തമിഴ് രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിജയ്‌യുടെ ടി.വി.കെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ അകലെയാണ് വിജയ്.
തെരഞ്ഞെടുപ്പ് തോൽവിയോടെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ മുഖമെന്ന എടപ്പാടിയുടെ പദവിക്ക് മങ്ങലേറ്റു. ഇതിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാവ് സി.വി ഷൺമുഖം ഉൾപ്പെടെയുള്ളവർ എടപ്പാടിക്കെതിരെ പരസ്യമായി രംഗത്തുവന്നു. സർക്കാർ രൂപീകരിക്കുന്നതിനായി എടപ്പാടി പളനിസാമി പരമ്പരാഗത ശത്രുക്കളായ ഡി.എം.കെയുമായി രഹസ്യ സഖ്യത്തിന് ശ്രമിക്കുകയാണെന്ന് ഷൺമുഖം ആരോപിച്ചതോടെ പാർട്ടിയിലെ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

