അണ്ണാ ഡി.എം.കെക്ക് വൻ തിരിച്ചടി; മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ നേതാക്കൾ വിജയിയുടെ ടി.വി.കെയിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡി.എം.കെയിൽ നിന്ന് മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 1,000 ത്തിലധികം പ്രവർത്തകർ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയിൽ ചേർന്നു. ചെന്നൈ പനയൂരിലെ ടി.വി.കെ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിലാണ് നിരവധി നേതാക്കൾ ടി.വി.കെ അംഗത്വം സ്വീകരിച്ചത്.
ടി.വി.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എൻ. ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മുൻ ലോക്സഭാംഗം എം. ഉദയകുമാർ, മുൻ എം.എൽ.എമാരായ കെ.എസ്. ശ്രീനിവാസൻ, ജി.ആർ. മാല എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് ടി.വി.കെയിൽ അംഗത്വം സ്വീകരിച്ചത്. ഇവർക്കൊപ്പം വിവിധ ജില്ലകളിൽ നിന്നുള്ള എ.ഐ.എ.ഡി.എം.കെ ജില്ലാ, പ്രാദേശിക ഭാരവാഹികളും ആയിരക്കണക്കിന് പ്രവർത്തകരും തങ്ങളുടെ ഭാഗമായതായി ടി.വി.കെ അറിയിച്ചു.
മന്ത്രിമാർ, എം.എൽ.എമാർ, ടി.വി.കെയുടെ മുതിർന്ന നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിചയസമ്പന്നരായ നേതാക്കളുടെ വരവ് സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ടി.വി.കെ നേതൃത്വം പറഞ്ഞു.
2026 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എ.ഐ.എ.ഡി.എം.കെയിൽ അസംതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. കഴിഞ്ഞ മാസം തന്നെ മുൻ മന്ത്രിമാരും ഏകദേശം 15 മുൻ എം.എൽ.എമാരും നൂറുകണക്കിന് പ്രവർത്തകരും ടി.വി.കെയിൽ ചേർന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആയിരത്തിലധികം നേതാക്കൾ പാർട്ടി വിട്ടത്.
ജൂലൈയിൽ വില്ലുപുരം ജില്ലയിൽ നിന്ന് 1,000ത്തിലധികം എ.ഐ.എ.ഡി.എം.കെ ഭാരവാഹികൾ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ അതൃപ്തി, ദീർഘകാലമായി പ്രവർത്തിച്ച നേതാക്കളെ കൂടിയാലോചനയില്ലാതെ മാറ്റിയത് തുടങ്ങിയ ആരോപണങ്ങളാണ് അന്ന് ഉയർന്നത്. തമിഴ്നാട്ടിൽ അധികാരത്തിലെത്തിയതിന് ശേഷം ടി.വി.കെ സംഘടനാ വിപുലീകരണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ പാർട്ടികളിൽ നിന്നുള്ള മുതിർന്ന നേതാക്കളെയും പ്രാദേശിക സ്വാധീനമുള്ള പ്രവർത്തകരെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലൂടെ ഭരണത്തിനൊപ്പം സംഘടനാ അടിത്തറയും ശക്തിപ്പെടുത്താനാണ് വിജയിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

