അണ്ണാ ഡി.എം.കെയിൽ ഭിന്നത രൂക്ഷം
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. മുൻ മന്ത്രിമാരായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ പുറത്താക്കാൻ പാർട്ടി ജനറൽ കൗൺസിൽ വിളിച്ചുകൂട്ടാനുള്ള ശ്രമത്തിലാണ്. മൊത്തമുള്ള 2500ലധികം പാർട്ടി കൗൺസിലർമാരിൽ അഞ്ചിലൊന്ന് പേർ ഒപ്പിട്ട് നോട്ടീസ് നൽകിയാൽ ജനറൽ കൗൺസിൽ വിളിച്ചുകൂട്ടണമെന്നാണ് സംഘടനാ നിയമത്തിൽ പറയുന്നത്. ഇതനുസരിച്ച് വിമതവിഭാഗം പാർട്ടി കൗൺസിൽ അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തിവരുകയാണ്.
അണ്ണാ ഡി.എം.കെക്ക് 47 എം.എൽ.എമാരാണുള്ളത്. ഇതിൽ വിമതപക്ഷത്തുള്ള 25 പേർ നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെ സർക്കാറിന് അനുകൂലമായും എടപ്പാടി വിഭാഗത്തിലെ 22 പേർ എതിരായുമാണ് വോട്ട് ചെയ്തത്. അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി രണ്ടായി പിളർന്നതോടെ ഇരു വിഭാഗവും തങ്ങളെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കണമെന്നാവശ്യെപ്പട്ട് സ്പീക്കർ ജെ.സി.ഡി പ്രഭാകരന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, സ്പീക്കർ ഇതിൽ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ്, വിമത വിഭാഗത്തിലെ 26 പേരെ പാർട്ടി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി പകരം പുതിയ ഭാരവാഹികളെ നിയോഗിച്ച് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉത്തരവിട്ടത്. ഇതിൽ പലരും എം.എൽ.എമാർകൂടിയാണ്. ഇതോടെ, പാർട്ടി ഓഫിസുകൾ പിടിച്ചെടുക്കാൻ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമായിട്ടുണ്ട്. എടപ്പാടി പളനിസാമി ചൊവ്വാഴ്ച പാർട്ടി ജില്ല സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

