സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് എ.ഐ പൂട്ട്; തട്ടിപ്പ് തടയാൻ നിർമിത ബുദ്ധി സോഫ്റ്റവെയർ പണിപ്പുരയിലെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിർമിത ബുദ്ധി സോഫ്റ്റ്വെയറുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). അക്കൗണ്ട് ഉടമകൾക്ക് സംശയകരമായ ഇടപാടുകളിൽ തത്സമയം മുന്നറിയിപ്പ് നൽകുന്ന രീതിയിലാണ് സംവിധാനം.
പദ്ധതി പരീക്ഷണ ഘട്ടത്തിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോഫ്റ്റ്വെയർ ഉടൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജന്റ് സിസ്റ്റം’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പ്രത്യേക സ്ഥാപനത്തിന് കീഴിലാവും പ്രവർത്തിക്കുക. തട്ടിപ്പുകാരെ തിരിച്ചറിയാൻ സഹായകമായ രീതിയിൽ തട്ടിപ്പ് അക്കൗണ്ടുകളെ കുറിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്കും ബാങ്കുകൾക്കും സമയബന്ധിതമായി മുന്നറിയിപ്പ് നൽകുന്ന രീതിയിലാവും പ്രവർത്തനമെന്ന് ആർ.ബി.ഐ ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റ് ദാതാക്കൾക്ക് ചില ഇടപാടുകൾക്ക് ടു ഫാക്ടർ ഓഥന്റിക്കേഷന് ശേഷവും അധിക സുരക്ഷ പരിശോധന നടത്താൻ അനുവദിക്കുന്ന രീതിയിൽ പുതുക്കിയ മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകളിൽ അധിക പരിശോധന നടത്തുന്നതിലൂടെ തട്ടിപ്പിനുള്ള സാധ്യത കുറക്കുകയായിരുന്നു ലക്ഷ്യം.
രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ കുത്തനെ വർധിക്കുന്നത് വിവിധ ഏജൻസികൾക്കും ബാങ്കുകൾക്കും ഒരുപോലെ തലവേദനയാണ്. ഇതിനിടെയാണ് റിസർവ് ബാങ്ക് കൂടുതൽ നടപടികളുമായി രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

