എ.ഐ മനുഷ്യരാശിയുടെ കോഡെഴുതുന്നു; തൊഴിൽ നഷ്ടമുണ്ടാക്കില്ലെന്ന് മോദി
text_fieldsപാരീസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. എ.ഐ മേഖലയിൽ അന്തരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രാഷ്ട്രീയം, സമ്പദ്‍വ്യവസ്ഥ, സുരക്ഷ എന്നിവയെ എല്ലാം മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. എന്നാൽ, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റ് നാഴികകല്ലുകളിൽ നിന്നും വ്യത്യസ്തമാണ് എ.ഐ. മറ്റേത് ടെക്നോളജിയേക്കാളും അതിവേഗത്തിലാണ് എ.ഐയുടെ വ്യാപനം ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐയുടെ നിയന്ത്രണത്തിനായി മാർഗനിർദേശങ്ങൾ കൊണ്ടു വരാൻ ആഗോളതലത്തിൽ ശ്രമമുണ്ടാവണം. വ്യവസായം, കാർഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെ അല്ലാം എ.ഐ മാറ്റിമറിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലിയെ ബാധിക്കില്ല. എ.ഐയുടെ വ്യാപനം ഉണ്ടാവുമ്പോൾ പുതിയ തരം തൊഴിലാളികൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐയുടെ ഉയർന്ന തീവ്രതയുള്ള ഊർജ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യണം. എ.ഐക്ക് ഇന്ധനം നൽകാൻ ഹരിതോർജം ആവശ്യമാണ്. എ.ഐയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി പരിസ്ഥിതി സൗഹൃദ ഊർജ ബദലുകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

