തെരഞ്ഞെടുപ്പിന്റെ ആഗോള ഭാവി ചർച്ചചെയ്യാൻ കമീഷന്റെ അന്തർദേശീയ സമ്മേളനം
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായ എസ്.ഐ.ആർ വിവാദങ്ങൾക്കിടയിൽ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും ആഗോളതലത്തിലുള്ള ഭാവി ചർച്ച ചെയ്യുന്നതിന് യു.എസ് അടക്കം 40ൽ ഏറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ത്രിദിന അന്തർദേശീയ സമ്മേളനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആതിഥേയത്വം വഹിക്കും. ഈ മാസം 21 മുതൽ 23 വരെ ഭാരത മണ്ഡപത്തിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് കമീഷനുകളെ പ്രതിനിധാനം ചെയ്ത് 100 പ്രതിനിധികൾ പങ്കെടുക്കും. ഇവരെ കൂടാതെ, ഇന്ത്യയിലെ വിവിധ വിദേശ എംബസികൾ, അന്തർദേശീയ സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികളും തെരഞ്ഞെടുപ്പ് പ്രക്രിയകളിലുള്ള വിദഗ്ധരും സംബന്ധിക്കും.
വിവിധ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള സ്ഥാപനങ്ങളുടെ അന്തർദേശീയ ഏകോപനവേദിയുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയെത്തിയ സാഹചര്യത്തിലാണ് രാജ്യം ത്രിദിന അന്തർദേശീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കീഴിലുള്ള ഇന്ത്യൻ ഇന്ററർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റ് (ഐ.ഐ.ഐ.ഡി.ഇ.എം) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള സ്ഥാപനങ്ങൾക്കായി ഒരു അന്തർദേശീയ പ്ലാറ്റ്ഫോം ഒരുക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഐ.ഐ.ഐ.ഡി.ഇ.എം ഡയറക്ടർ ജനറൽ രാകേഷ് വർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അത്തരം സ്ഥാപനങ്ങൾ നിലവിൽ നേരിടുന്ന വെല്ലുവിളികളും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പുത്തൻരീതികളും ആവിഷ്കാരങ്ങളും സമ്മേളനത്തിൽ പങ്കുവെക്കും.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും അതിന്റെ ചട്ടക്കൂടും സാങ്കേതികവിദ്യയുടെ ഉപയോഗവും ലോകത്തിന് പരിചയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഐ.ആറും വോട്ടുചോരിയും പ്രതിപക്ഷം സജീവ ചർച്ചയാക്കിയ സാഹചര്യത്തിൽ അന്തർദേശീയ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ചർച്ചകളുണ്ടാകുമോ എന്ന ചോദ്യത്തിന് വർമ വ്യക്തമായ മറുപടി നൽകിയില്ല. ചടങ്ങിൽ അന്തർദേശീയ സമ്മേളനത്തിന്റെ ലോഗോപ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

