അഞ്ചുവർഷമായി കാണാതായ യുവതിയെ എഐ സഹായത്തോടെ കണ്ടെത്തി പൊലീസ്; കോൺസ്റ്റബിളിന് പാരിതോഷികവും പ്രശംസാ പത്രവും
text_fieldsലഖ്നോ: അഞ്ചുവർഷമായി കാണാതായ യുവതിയെ എഐ സഹായത്തോടെ കണ്ടെത്തി യു.പി പൊലീസ്. കാണാതായ യുവതിയുടെ ആകെയുണ്ടായിരുന്ന കുട്ടിക്കാലത്തെ ഒരു ചിത്രമുപയോഗിച്ച് ഇപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 2021 ലാണ് മഞ്ജു ഗർവാർ (30 ) എന്ന യുവതിയെ കാണാതായത്. വിവാഹം നടത്തികൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീ മഞ്ജുവിനെ കൂട്ടികൊണ്ടുപോവുകയും എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ കിസ്മത് ദേവി ജൂലൈ 14ന് സോൻഭദ്ര ജില്ലയിലെ ബഭ്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ യുവതിയുടെ പുതിയ ഫോട്ടോ ലഭിക്കാത്തത് പൊലീസിന് വെല്ലുവിളിയായി.
തുടർന്ന് 2007ൽ മഞ്ജു നാലാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ഫോട്ടോ സ്കൂൾ രേഖകളിൽനിന്ന് കണ്ടെത്തി. ബഭ്നി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിജയ് പാണ്ഡെയാണ് ഈ ചിത്രം ഉപയോഗിച്ച് യുവതിയുടെ ഇപ്പോഴത്തെ രൂപം തയ്യാറാക്കാൻ ശ്രമിച്ചത്. മാതാപിതാക്കളുടെയും സഹോദരിയുടെയും ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചു. ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നീ എ ഐ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രായത്തിനനുസരിച്ചുള്ള മുഖചിത്രം തയ്യാറാക്കിയത്. എ ഐ ചിത്രം കുടുംബാംഗങ്ങളെ കാണിച്ചപ്പോൾ അവർ മഞ്ജുവിനോട് രൂപസാദൃശ്യമുള്ളതായി പറഞ്ഞു. തുടർന്ന് ഫോട്ടോ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ മഞ്ജു രാജസ്ഥാനിലെ ചുരു ജില്ലയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഉമേന്ദ്രയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
അന്വേഷണത്തിൽ എ ഐ ഉപയോഗിച്ച് ചിത്രം തയാറാക്കിയ കോൺസ്റ്റബിൾ വിജയ് പാണ്ഡെയെ ഉത്തർപ്രദേശ് പൊലീസ് ആദരിച്ചു. സംസ്ഥാന പൊലീസ് മേധാവി 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സോൻഭദ്ര പൊലീസ് സൂപ്രണ്ട് 2,100 രൂപയും പ്രശംസാപത്രവും നൽകി.

