എ.ഐ ക്യാമറയുടെ കൃത്യമായ മുന്നറിയിപ്പ്; ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി വനംവകുപ്പ്
text_fieldsജൽദാപാര (വെസ്റ്റ് ബംഗാൾ): വന്യമൃഗ ആക്രമണം തടയുന്നതിന് വനംവകുപ്പ് സ്ഥാപിച്ച എ.ഐയുടെ നിരീക്ഷണ സംവിധാനത്തിന്‍റെ മുന്നറിയിപ്പിൽ കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് കടക്കുന്നത് തടഞ്ഞ് വനംവകുപ്പ്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ സമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവത്തിന്‍റെ വിഡിയോ വൈറലായത്.
26ന് അർദ്ധരാത്രി 12.32നാണ് എ.ഐ നിരീക്ഷണ ക്യാമറകൾ ഒരു തേയിലത്തോട്ടത്തിന് സമീപം കാട്ടാനക്കൂട്ടം ഒത്തുകൂടുന്നത് കണ്ടെത്തിയത്. ഇവ സമീപത്തെ ഗ്രാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് എ.ഐ കണക്ക് കൂട്ടി. തുടർന്ന് വിവരം വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൈമാറി. അവിടെ നിന്ന് സമീപത്തുള്ള വനംവകുപ്പ് സംഘത്തിന് മുന്നറിയിപ്പ് കൈമാറി.
തുടർന്ന്, സന്ദേശം ലഭിച്ച ശേഷം 15 മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ വാഹനത്തിൽ സ്ഥലത്തെത്തി സുരക്ഷിതമായി ആനക്കൂട്ടത്തെ വനമേഖലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾക്കും ആനകൾക്കും വലിയ അപകട സാധ്യത ഒഴിവാക്കാനായി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഏകോപിതമായി പ്രവർത്തിച്ച് ആനകൾക്ക് പ്രകോപനമുണ്ടാക്കാതെ കാട്ടിലേക്ക് മടക്കി അയക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറയാലയത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ വനംവകുപ്പിന്‍റെ നിരീക്ഷണ സംഘങ്ങൾ കൈകാര്യം ചെയ്യാറുണ്ടെന്നും ആ ക്യാമറ ദൃശ്യങ്ങളാണ് പൊതുജനങ്ങൾക്കായി പങ്കുവെക്കുന്നതെന്നും പർവീൺ കാസ്വാൻ കുറിപ്പിലെഴുതി. വിഡിയോ വൈറലായതോടെ നിരവധി പേർ വനംവകുപ്പ് സംഘത്തിന്‍റെ ഇടപെടലിനെ അഭിനന്ദിച്ചിച്ചു കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യരുടെയും വന്യജീവികളുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്ന ഇത്തരം സാങ്കേതിക സംവിധാനങ്ങൾ മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ ഫലപ്രദമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എ.ഐ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കിയാൽ അപകട സാധ്യതകൾ ഇനിയും കുറക്കാനാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

