വേഗം കൂടിയത് വെറും ഒരു കിലോമീറ്റർ, പിഴ 2000 രൂപ; ലൊക്കേഷൻ കടലിനു നടുവിൽ!
text_fieldsഅനുജീത് ശിവം എക്സിൽ പങ്കുവെച്ച ചിത്രം
ന്യൂഡൽഹി: വേഗപരിധിയേക്കാൾ ഒരു കിലോമീറ്റർ മാത്രം അധികം വേഗതയിൽ വാഹനം ഓടിച്ചതിന് 2000 രൂപ പിഴ. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനുജീത് ശിവം എന്ന വ്യക്തി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റ് ആണ് വൈറലായത്. യമുന എക്സ്പ്രസ് വേയിലാണ് സംഭവം.
അവിടെ അനുവദനീയമായ വേഗപരിധി 100 കിലോമീറ്ററാണ്. തന്റെ വാഹനം സഞ്ചരിച്ചത് 101 കിലോമീറ്റർ വേഗത്തിലാണ്. ഇതിനാണ് 2000 രൂപയുടെ ചലാൻ ലഭിച്ചത് എന്നാണ് അദ്ദേഹം കുറിച്ചത്.
പിഴയെക്കാൾ ആളുകളെ അത്ഭുതപ്പെടുത്തിയത് ചലാനിൽ രേഖപ്പെടുത്തിയ സ്ഥലമാണ്. 0°N, 0°E എന്നാണ് ക്യാമറ രേഖപ്പെടുത്തിയ ലൊക്കേഷൻ. ഇത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്താണ് വരുന്നത്. ഇതോടെ എഐ ക്യാമറകളുടെ കൃത്യതയെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നോയിഡ ട്രാഫിക് പൊലീസിനെയും യുപി ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്ത് ഇങ്ങനെയാണോ റോഡ് സുരക്ഷ ഉറപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇ-ചലാൻ ഹെൽപ്പ്‌ലൈൻ നമ്പറായ 7065060882-ൽ വിളിക്കാനായിരുന്നു നോയിഡ ട്രാഫിക് പൊലീസിന്റെ മറുപടി.
പോസ്റ്റ് വൈറലായതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. 100 കിലോമീറ്റർ എന്നത് പരമാവധി പരിധിയാണെന്നും അതേ വേഗത്തിൽ കൃത്യമായി ഓടിക്കണമെന്നില്ലെന്നും ചിലർ പറഞ്ഞു. 90 മുതൽ 95 കിലോമീറ്റർ വരെ വേഗത്തിൽ ഓടുന്നതാണ് സുരക്ഷിതമെന്നും അവർ അഭിപ്രായപ്പെട്ടു. എഐ കാമറകൾക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയില്ലെന്നും വേഗം കൂടിയാൽ സ്വയമേവ പിഴ വരുമെന്നുമാണ് മറ്റൊരു വാദം.
അതേസമയം നിയമപരമായ വശവും ചർച്ചയായിട്ടുണ്ട്. വേഗപരിധിയേക്കാൾ 5 ശതമാനം വരെ അധികം വേഗം കുറ്റമല്ലെന്ന് ഒരു വിജ്ഞാപനം ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തി. പല രാജ്യങ്ങളിലും 10 ശതമാനം വരെ ഇളവുണ്ടെന്നും അവർ പറഞ്ഞു. അതുകൊണ്ട് 101 കിലോമീറ്ററിന് പിഴ ചുമത്തിയത് തെറ്റാണെന്നാണ് അവരുടെ നിലപാട്.
എക്സ്പ്രസ് വേയിൽ ടോൾ വാങ്ങുമ്പോൾ വേഗപരിധി 120 കിലോമീറ്ററായി ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചെറിയ വേഗവ്യത്യാസത്തിന് പിഴ ചുമത്തുന്നത് ന്യായമാണോയെന്നും എഐ കാമറകൾ എത്രത്തോളം വിശ്വസിക്കാമെന്നും ഇളവ് നൽകണോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്ന് വരുന്നതും ചർച്ചയായതും.

