വിമാനം പറന്നുയർന്ന ഉടനെ എ.ടി.സിയിലേക്ക് 'മേയ്ഡേ കാൾ' നൽകി; തിരികെ ബന്ധപ്പെടാനായില്ല, പിന്നാലെ തീജ്വാലകളുയർന്നു
text_fieldsഅഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ അപകടത്തിന്‍റെ പ്രാഥമിക വിവരങ്ങൾ നൽകി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). വിമാനം പറന്നുയർന്ന ഉടനെ 'മേയ്ഡേ കാൾ' എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകി. അപകട സാഹചര്യങ്ങളിൽ വിമാനത്തിൽ നിന്ന് നൽകുന്ന സന്ദേശമാണിത്. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്.
അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23ാം നമ്പർ റൺവേയിൽ നിന്നാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക് ഓഫ് ചെയ്തത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‍വിക് വിമാനത്താവളത്തിലേക്കുള്ള വിമാനത്തിൽ രണ്ട് കുഞ്ഞുങ്ങളും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ സുമീത് അഗർവാളായിരുന്നു വിമാനം നിയന്ത്രിച്ചത്. 8200 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട് ഇദ്ദേഹത്തിന്. ഫസ്റ്റ് ഓഫിസറായി ക്ലൈവ് കുന്ദാറാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ട്.
ഉച്ചക്ക് കൃത്യം 1.39നാണ് വിമാനം ടേക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ തകർന്ന് വീഴുകയായിരുന്നു. നൂറിലേറെ പേർ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദീർഘയാത്രക്ക് മുന്നോടിയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനമുണ്ടായിരുന്നു. വിമാനം താഴ്ന്ന് പറക്കുന്നതും വിമാനത്താവളത്തിന് പുറത്തെ കെട്ടിടങ്ങൾക്ക് മേലേക്ക് ഇടിച്ചിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട്, ആകാശത്തോളം ഉയരെ തീജ്വാലകളാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

