അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റിനെതിരായ വാർത്തക്കെതിരെ സുപ്രീംകോടതി, പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ കോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: അഹമ്മദാബാദിൽ 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽനിന്ന് ഒരു ഭാഗം മാത്രം നൽകി അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തിൽ മാധ്യമ റിപ്പോർട്ടുകൾ വന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി.
അപകടത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ‘സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ’ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതിൽ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ഹരജിയിൽ കേന്ദ്ര സർക്കാറിനും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
വിമാനം പറന്നുയർന്ന് മൂന്ന് സെക്കൻഡിനുള്ളിൽ എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.
സ്വിച്ചുകൾ ഓഫ് ആക്കിയശേഷം ഓണാക്കിയതായും വിമാനം പറത്തിയ ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ, എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് പരിചയസമ്പന്നനായ ക്യാപ്റ്റൻ സുമീത് സബർവാളിനോട് ചോദിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

