അഹ്മദാബാദ് വിമാനദുരന്തം: അന്വേഷണ സംഘത്തിൽ വൈമാനികരെ ഉൾപ്പെടുത്തില്ല
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിന്‍റെ അന്വേഷണ സംഘത്തില്‍ വൈമാനികരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി വിമാന അപകട അന്വേഷണസംഘം (എ.എ.ഐ.ബി). സ്വതന്ത്ര വിഷയ വിദഗ്ദ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എൽ.പി.എ)യെ എ.എ.ഐ.ബി ഔദ്യോഗികമായി അറിയിച്ചു
നിലവിലുള്ള നിയമത്തില്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കുന്നതിൽ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എ.എ.ഐ.ബി നിയമം ഭേദഗതി ചെയ്യുമ്പോൾ, പുറത്തുനിന്നുള്ള വിദഗ്ധരെ ഔദ്യോഗികമായി ഉൾപ്പെടുത്താൻ കഴിയുന്ന വ്യവസ്ഥ ഉണ്ടെന്ന് ഉറപ്പാക്കാമെന്ന് അറിയിച്ചു.
ദുരന്തത്തിന് കാരണം കോക്‌പിറ്റിലുണ്ടായ മാനുഷിക പിഴവിലേക്ക് സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എ.എ.ഐ.ബി ജൂലൈയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യവുമായി ഇന്ത്യയിലും വിദേശത്തുമായി 1,000 ലധികം പൈലറ്റുമാർ അംഗമായ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എൽ.പി.എയും മറ്റും വൈമാനിക സംഘടനകളും രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ ഭാഗമല്ലാത്ത ബാഹ്യ സ്ഥാപനങ്ങളെ അന്വേഷണത്തിന്റെ ഭാഗമാക്കുന്നതിൽ പരിമിതികളുണ്ടെന്ന് എ.എ.ഐ.ബി വ്യക്തമാക്കിയത്. ജൂൺ 12 നായിരുന്നു അഹ്മദാബാദ് വിമാന ദുരന്തം. ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിങ് 787 ഡ്രീം ലൈനർ വെറും 32 സെക്കൻഡുകൾക്കകമാണ് തകർന്നുവീണത്. ഇതിൽ 260 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

