അഹ്മദാബാദ് വിമാന ദുരന്തത്തിന് ഒരാണ്ട്; കാരണം ഇന്നും ദുരൂഹം
text_fieldsഅഹ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം (ഫയൽ ചിത്രം)
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാന ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോഴും അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. കഴിഞ്ഞ വർഷം ജൂൺ 12നാണ് അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്നയുടൻ തകർന്നു വീണത്.
ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരുൾപ്പെടെ 260 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടം നടന്ന് വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അന്വേഷണ ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചാൽ സ്വീകരിക്കരുതെന്ന് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്.ഐ.പി) ആവശ്യപ്പെട്ടു.
അപകടം നടന്ന് 12 മാസത്തിനകം അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) നിബന്ധന. ജൂൺ 12ഓടെ ഈ സമയപരിധി അവസാനിക്കുന്നതിനാൽ എ.എ.ഐ.ബി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. സമയപരിധി പാലിക്കാൻ വേണ്ടി മാത്രം എ.എ.ഐ.ബി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുന്നത് വ്യോമയാന സുരക്ഷയെ ബാധിക്കുമെന്നും കൂടുതൽ ആശയക്കുഴപ്പങ്ങൾക്കും ഊഹാപോഹങ്ങൾക്കും മാത്രമേ വഴിതെളിക്കൂ എന്നും ചൂണ്ടിക്കാട്ടി എഫ്.ഐ.പി പ്രധാനമന്ത്രിയുടെ ഓഫിസ്, വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവർക്ക് കത്തയച്ചു. ഐ.സി.എ.ഒ നിയമങ്ങളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും അപൂർണമായ ഇത്തരം റിപ്പോർട്ടുകൾ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പൈലറ്റ് സംഘടന വ്യക്തമാക്കുന്നു.
അപകടത്തിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യാശ്രമമാണെന്ന് സൂചന നൽകുന്നതായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിൽ എ.എ.ഐ.ബി വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഇക്കാര്യം പൂർണമായി തള്ളുന്ന പൈലറ്റ് അസോസിയേഷൻ, വിമാനം തകരുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണങ്ങൾ വീണ്ടെടുക്കാൻ പൈലറ്റായ ക്യാപ്റ്റൻ സുമീത് സബർവാൾ പരമാവധി ശ്രമിച്ചിരുന്നുവെന്ന് അവകാശപ്പെടുന്നു.
വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ കൈകൾ വിമാനത്തിന്റെ കൺട്രോൾ കോളത്തിൽ (നിയന്ത്രണ ലിവർ) ശക്തമായി മുറുകിപ്പിടിച്ച നിലയിലായിരുന്നു. പ്രാഥമിക റിപ്പോർട്ടിലോ പോസ്റ്റ്മോർട്ടം വിവരങ്ങളിലോ ഈ നിർണായക വിവരം എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നും സംഘടന ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

