അഹ്മദാബാദ് വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ഈ വർഷം പുറത്തുവിടും -വ്യോമയാനമന്ത്രി
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ഈ വർഷം പുറത്തുവിടുമെന്ന് വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. തിങ്കളാഴ്ച നടന്ന രാജ്യസഭ സമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
അപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക്(എ.എ.ഐ.ബി) സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അന്വേഷണത്തിനായി എല്ലാ സൗകര്യങ്ങളും വ്യോമയാനമന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
`കഴിഞ്ഞ വർഷം ജൂണിൽ നടന്ന എ-171 വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. എ.എ.ഐ.ബിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മന്ത്രാലയം നൽകുന്നുണ്ട്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ റിപ്പോർട്ട് പുറത്തുവരും' മന്ത്രി വ്യക്തമാക്കി.
2025 ജൂൺ12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എ-171 സമീപമുള്ള മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നു വീഴുന്നത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 260 പേർ അപകടത്തിൽ മരിച്ചു. ഇതിന് പുറമെ നാട്ടുകാർക്കും ഹോസ്റ്റലിലുണ്ടായിരുന്നവർക്കും ജീവൻ നഷ്ടമായി. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പശ്ചിമേഷ്യയിലെ സംഘർഷവും വിമാന സർവീസുകളും
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അടിയന്തരമായി ഇടപെട്ടതായും എയർലൈനുകൾക്ക് നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു. സംഘർഷാവസ്ഥ വിമാന സർവീസുകളെ ബാധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയിൽ വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർലൈനുകളുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 90,000 യാത്രക്കാർ ഇന്ത്യയിൽ തിരിച്ചെത്തിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

