ഭീതിയൊഴിയാതെ ഹോസ്റ്റൽ കോംപ്ലക്സ് പരിസരം
text_fieldsഎയർ ഇന്ത്യ വിമാനം തകർന്നുവീണ അഹ്മദാബാദ് വിമാനത്താവളത്തിനരികിലുള്ള മെഡിക്കൽ കോളജ് ഹോസ്റ്റൽ കോംപ്ലക്സിന്റെ ഉൾവശം
അഹ്മദാബാദ്: എയർ ഇന്ത്യ 171 വിമാനം അഹ്മദാബാദ് വിമാനത്താവളത്തിനരികിലുള്ള മെഡിക്കൽ കോളജ് ഹോസ്റ്റൽ കോംപ്ലക്സിൽ തകർന്നുവീണ് ഒരു മാസം പിന്നിടുമ്പോൾ, ഈ കെട്ടിടത്തിലും പരിസരത്തും ഇപ്പോഴും ഭീതിജനകമായ നിമിഷങ്ങളുടെ ഓർമ തളംകെട്ടിനിൽക്കുന്നു.
കരിഞ്ഞ മരങ്ങളും പൊടിയിൽ കുളിച്ച ചുമരുകളും പ്രേതാലയം കണക്കെ ആളൊഴിഞ്ഞ കെട്ടിടങ്ങളുമാണ് ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കോംപ്ലക്സിന്റെ ഈ ഭാഗങ്ങളിലുള്ളത്. അന്ന് ഉച്ചഭക്ഷണത്തിനായി മെസ്സിലും ഹോസ്റ്റൽ മുറികളിലുമെത്തിയതായിരുന്നു വിദ്യാർഥികൾ. ചില റെസിഡന്റ് ഡോക്ടർമാരും സ്ഥലത്തുണ്ടായിരുന്നു. പൊടുന്നനെയാണ് ദുരന്തമെത്തിയത്.
വിമാനം മെസ് ബിൽഡിങ് തുളച്ചുകയറി. ഒരു സാധാരണ ഉച്ചനേരം അതിഭീകര ദിനമാവുകയായിരുന്നു. ഹോസ്റ്റൽ പരിസരമാകെ കെട്ടിടത്തിന്റെയും വിമാനത്തിന്റെയും അവശിഷ്ടങ്ങൾ പടർന്നു. ഇപ്പോഴും ഇവിടെ കാര്യമായ ആൾപെരുമാറ്റമില്ല. 50ലധികം പൊലീസുകാരെ എപ്പോഴും കാണാം. അത്രമാത്രം.
‘എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ’യുടെ റിപ്പോർട്ട് നാലു ദിവസത്തിനകം കിട്ടുമെന്നും അതിനുപിന്നാലെ പൊലീസുകാരെ പിൻവലിക്കുമെന്നും പൊലീസ് അഡീഷനൽ കമീഷണർ ജയ്പാൽ സിങ് രാത്തോർ പറഞ്ഞു.
വിമാനം താഴേക്ക് പതിക്കാൻ തുടങ്ങിയത് മുതൽ പല മരങ്ങളിലും ഉരസുകയും ആർമി മെഡിക്കൽ കോർ കോമ്പൗണ്ടിലെ പുകക്കുഴൽ തകർത്ത് മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിന്റെ വടക്കു കിഴക്ക് ഭാഗത്തുള്ള ചുമരിൽ ഇടിക്കുകയുമായിരുന്നു. ഈ ചുമരും വിമാനം ആദ്യമിടിച്ച മരവും തമ്മിൽ 293 അടിയാണ് ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

