അഹ്മദാബാദ് വിമാന ദുരന്തം അന്തിമ റിപ്പോർട്ട് വൈകും
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നീളുമെന്ന് സൂചന. വിമാന ദുരന്തങ്ങൾ ഉണ്ടായാൽ 12 മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ ശിപാർശ. എന്നാൽ, അത് ബാധ്യതയല്ലെന്നാണ് വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. അന്വേഷണത്തെക്കുറിച്ച് ഇടക്കാല റിപ്പോർട്ടാണ് തയാറാക്കുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾ അഭ്യൂഹം മാത്രമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, അന്തിമ റിപ്പോർട്ടിന് ഇനിയും മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഫ്ലൈറ്റ് റിക്കാർഡർ ഡേറ്റ ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിശോധിച്ചും അപഗ്രഥിച്ചും അന്വേഷണത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് എ.എ.ഐ.ബി അറിയിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു എക്സിൽ കുറിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നെങ്കിലും വ്യാപകമായ വിമർശനമാണ് നേരിട്ടത്. മാനുഷികമായ പിഴവാണ് അപകടകാരണം എന്നായിരുന്നു കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

