കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തി; അപകട കാരണം കണ്ടെത്താൻ സഹായകമാവുന്ന തെളിവ്
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. അപകട കാരണം കണ്ടെത്താൻ സഹായിക്കുന്ന നിർണായക തെളിവാണിത്. നേരത്തേ, വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ) മാത്രമേ കണ്ടെത്തിയിരുന്നുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സ്ഥിരീകരിച്ചിരുന്നു.
ബ്ലാക് ബോക്സുകൾ കണ്ടെത്തിയ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര സ്ഥിരീകരിച്ചു. അദ്ദേഹം എയർ ഇന്ത്യ വിമാനം തകർന്ന സ്ഥലം പരിശോധിക്കുകയും പരിക്കേറ്റവർ കഴിയുന്ന സിവിൽ ആശുപത്രി സന്ദർശിക്കുകയും ചെയ്തു. മിശ്രയുടെ അധ്യക്ഷതയിൽ സർക്യൂട്ട് ഹൗസിൽ ഉന്നതതല അവലോകനവും ചേർന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, എ.എ.ഐ.ബി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി ദുരിതാശ്വാസ, രക്ഷാപ്രവർത്തന, അന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
വിമാനം അമേരിക്കൻ നിർമിതമായതിനാൽ, എ.എ.ഐ.ബി വിശദമായ അന്വേഷണം തുടങ്ങി. യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്.
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ: ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിലേക്ക് വരുകയായിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനം പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.20ന് ഡൽഹിയിലെത്തേണ്ട എയർ ഇന്ത്യയുടെ എ.ഐ 315 വിമാനമാണ് ഹോങ്കോങ് വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. യാത്രക്കാരെ ഡൽഹിയിലെത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു.
ഹജ്ജ് തീർഥാടകരുടെ വിമാനത്തിൽ പുക
ലഖ്നോ: ഹജ്ജ് തീർഥാടകരുമായി എത്തിയ സൗദി എയർലൈൻസിന്റെ ജിദ്ദ-ലഖ്നോ വിമാനം ഇറങ്ങുന്നതിനിടെ ചക്രങ്ങളിൽ പുക. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 242 തീർഥാടകരും സുരക്ഷിതരാണ്. അഗ്നിശമന വിഭാഗം പുക നിയന്ത്രണവിധേയമാക്കി. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

