വിമാനദുരന്തം: ഡി.എൻ.എ പരിശോധനയിലൂടെ ആറ് പേരെ തിരിച്ചറിഞ്ഞു
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത് ആറ് മൃതദേഹങ്ങൾ. ഈ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഉടൻ വിട്ടുനൽകും. ബന്ധുക്കൾ നേരിട്ട് തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ നേരത്തേ വിട്ടുകൊടുത്തിരുന്നു. ഡി.എൻ.എ സാമ്പിളുകൾ താരതമ്യം ചെയ്ത് ഉറപ്പുവരുത്താൻ 72 മണിക്കൂർ സമയം ആവശ്യമാണ്.
ഡി.എൻ.എ പരിശോധനയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി ഇന്നലെ ഫോറൻസിക് സയൻസ് ലാബോറട്ടറി അധികൃതരുടെ യോഗം വിളിച്ചിരുന്നു. മൃതദേഹങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് വിട്ടുകൊടുക്കുന്നതിനാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഉദ്യോഗസ്ഥർക്ക് പുറമേ, കേന്ദ്ര സർക്കാർ അയച്ച വിദഗ്ധരും ഡി.എൻ.എ പരിശോധനക്കായി മുഴുസമയവും കർമനിരതരാണ്. പരിശോധനക്കുശേഷം മൃതദേഹങ്ങൾ സിവിൽ ഹോസ്പിറ്റലിലേക്കാണ് മാറ്റുന്നത്.
ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ബന്ധുക്കളെ വിവരമറിയിച്ചെന്ന് സിവിൽ ഹോസ്പിറ്റൽ അഡീഷനൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. മരിച്ച 220 പേരുടെ ബന്ധുക്കൾ ഡി.എൻ.എ സാമ്പിൾ നൽകാനായി പൊലീസിനെ ബന്ധപ്പെട്ടിരുന്നു. മോർച്ചറിയിലെത്തുന്ന ബന്ധുക്കളെ പിന്നീട് സാമ്പിളുകൾ ശേഖരിക്കാനായി ബി.ജെ ഹോസ്പിറ്റലിലേക്കാണ് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

