വിമാന ദുരന്തം: ഒന്നിലധികം ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി
text_fieldsസിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വാർത്ത സമ്മേളനത്തിൽ
ന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടത്തിൽ ഒന്നിലധികം ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. സംഭവത്തെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻതന്നെ സ്ഥലത്തെത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാന മന്ത്രാലയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് പുറമെ, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കണ്ടെത്തി. ഇതിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. അപകടം സംബന്ധിച്ച് നിർണായക വിവരങ്ങൾ ബ്ലാക് ബോക്സിൽനിന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എ.എ.ഐ.ബി അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ശക്തമായ വ്യോമയാന സുരക്ഷാ ചട്ടക്കൂടും നിലവിലുള്ള രാജ്യമാണ് ഇന്ത്യ. സംഭവത്തിന് പിന്നാലെ, ബോയിങ് 787 ശ്രേണിയിലുള്ള വിമാനങ്ങളിൽ സുരക്ഷ അവലോകനത്തിന് ഡി.ജി.സി.എ നിർദേശം നൽകിയിരുന്നു. എയർ ഇന്ത്യയുടെ ഉടമസ്ഥതയിൽ ഇത്തരം 34 വിമാനങ്ങളാണുള്ളത്. എട്ടെണ്ണത്തിൽ ഇതിനകം പരിശോധനകൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. തകർന്ന എയർ ഇന്ത്യ വിമാനം പാരീസ്-ഡൽഹി-അഹ്മദാബാദ് യാത്രയിൽ യാതൊരു തകരാറുകളും കാണിച്ചിരുന്നില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

