കർണാടകയിലെ മുഴുവൻ മണ്ഡലങ്ങളിലും രഥയാത്രക്ക് പദ്ധതിയിട്ട് ബി.ജെ.പി
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിൽ ബി.ജെ.പി നടത്തുന്ന ജനസങ്കൽപ് യാത്രക്ക് പിന്നാലെ സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും രഥയാത്ര നടത്താൻ പദ്ധതിയിട്ട് ബി.ജെ.പി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ബസ് പര്യടനം നടത്താൻ പദ്ധതിയിടുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ഈ നീക്കം.
ജനസങ്കൽപ യാത്രയിൽ താഴെത്തട്ടിലുള്ള ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി നിയമസഭാ മണ്ഡലങ്ങൾ സന്ദർശിച്ചുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ യാത്രയ്ക്ക് വലിയ പിന്തുണയും പ്രതികരണവുമാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായ തരംഗമാണ് ഞങ്ങൾ കാണുന്നത്. ഈ യാത്രക്കു ശേഷം ഇരുദിശയിൽ നിന്നും രഥയാത്ര ആരംഭിക്കും -ബൊമ്മൈ പറഞ്ഞു.
കഴിഞ്ഞ മാസം റായ്ച്ചൂരിൽ നിന്നാണ് ജനസങ്കൽപ യാത്ര ആരംഭിച്ചത്. ബൊമ്മൈയുടെയും യെദിയൂരപ്പയുടെയും നളിൻ കുമാർ കട്ടീലിന്റെയും നേതൃത്വത്തിലാണ് യാത്ര.
കോൺഗ്രസ് അധികാരത്തിലെത്തുമെന്ന സിദ്ധരാമയ്യയുടെ പ്രവചനങ്ങൾ ഒരിക്കലും യാഥാർത്ഥ്യമാകില്ല. എച്ച്.ഡി. കുമാരസ്വാമിയും ബി.എസ്. യെദ്യൂരപ്പയും ഇനി മുഖ്യമന്ത്രിമാരാകില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു, പക്ഷേ അവർ മുഖ്യമന്ത്രിമാരായി. തന്റെ സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസിനെതിരെയും മല്ലികാർജുൻ ഖാർഗെക്കെതിരെയും അഴിമതിയുടെ ഗംഗോത്രിയാണ് കോൺഗ്രസ് പാർട്ടിയെന്ന് ബൊമ്മൈ തിരിച്ചടിച്ചു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനാണ് അവർ ബി.ജെ.പിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കോൺഗ്രസ് നുണകളുടെ പര്യായമാണെന്നും ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

