Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് പുനഃപരീക്ഷ:...

നീറ്റ് പുനഃപരീക്ഷ: ആശങ്കകൾക്കിടയിൽ പൊലിയുന്നത് വിദ്യാർഥികളുടെ ജീവൻ; 37 ദിവസത്തിനിടെ ജീവനൊടുക്കിയത് 12 പേർ

text_fields
bookmark_border
നീറ്റ് പുനഃപരീക്ഷ: ആശങ്കകൾക്കിടയിൽ പൊലിയുന്നത് വിദ്യാർഥികളുടെ ജീവൻ; 37 ദിവസത്തിനിടെ ജീവനൊടുക്കിയത് 12 പേർ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതും, തുടർന്നുണ്ടായ അനിശ്ചിതത്വങ്ങളും വലിയൊരു ദുരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. മെയ് 12ന് പരീക്ഷ റദ്ദാക്കിയതിന് ശേഷം ജൂൺ 21ന് നിശ്ചയിച്ചിരുന്ന പുനഃപരീക്ഷക്ക് ഇടയിലുള്ള ദിവസങ്ങളിൽ മാത്രം രാജ്യത്തുടനീളം ജീവനൊടുക്കിയത് 12 വിദ്യാർഥികളാണ്. പരീക്ഷാ നടത്തിപ്പിലെ പാളിച്ചകളും ക്രമക്കേടുകളും സൃഷ്ടിച്ച മാനസിക സമ്മർദമാണ് പലരെയും ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരീക്ഷ നന്നായി എഴുതിയെന്ന ആത്മവിശ്വാസത്തിലായിരുന്ന പല വിദ്യാർഥികൾക്കും പരീക്ഷാ റദ്ദാക്കൽ വാർത്ത വലിയ ആഘാതമായിരുന്നു. രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നുള്ള 22 വയസ്സുകാരനായ വിദ്യാർഥി, പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിലാണ് ജീവനൊടുക്കിയത്. ഇത്തരത്തിൽ രാജസ്ഥാൻ, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠന സമ്മർദത്തിന് കീഴടങ്ങി വിടപറഞ്ഞത്.

പരീക്ഷ റദ്ദാക്കിയതോടെ താൻ അധ്വാനിച്ചതെല്ലാം വെറുതെയായെന്ന് മധ്യപ്രദേശിലെ 18 വയസ്സുകാരി തന്റെ ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു. മാതാപിതാക്കൾ കടം വാങ്ങിയ പണം തന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചതിലുള്ള കുറ്റബോധവും അവരെ അലട്ടിയിരുന്നു.

ഉത്തരാഖണ്ഡിലെ 24 വയസ്സുകാരി താൻ അർഹയല്ലെന്ന് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. പല വിദ്യാർഥികളും വീണ്ടും പരീക്ഷയെഴുതാനുള്ള മാനസിക കരുത്തില്ലെന്ന് സഹോദരങ്ങളോടും മാതാപിതാക്കളോടും പങ്കുവെച്ചിരുന്നു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സിക്കാറിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും കേന്ദ്രീകരിച്ചുള്ള ശൃംഖലയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, അതിന്റെ ഭാരം പേറുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. മരിച്ചവരിൽ പലരും സാധാരണക്കാരായ തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ്. ലക്ഷങ്ങൾ കടം വാങ്ങിയും കുടുംബത്തിന്റെ ഭാവി സ്വപ്നം കണ്ടും പഠിച്ച വിദ്യാർഥികൾക്ക് പരീക്ഷാ റദ്ദാക്കൽ വലിയൊരു മാനസികാഘാതമായി മാറി.

കേസിൽ ഇതുവരെ 13 പേർ പിടിയിലായിട്ടുണ്ട്. ലാത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്ടർമാരും പൂനെയിൽ നിന്നുള്ള അധ്യാപകരും സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. എങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നീറ്റ് പരീക്ഷക്കെതിരെ വീണ്ടും വിമർശനങ്ങൾ ഉയരുന്നുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര യാത്രയെക്കുറിച്ചുള്ള ഭയവും, സുരക്ഷാ സംവിധാനങ്ങളുടെ അനിശ്ചിതത്വവും വിദ്യാർഥികൾക്കിടയിൽ വലിയ തോതിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഭാവി സ്വപ്നം കണ്ടിരുന്ന ഒരു തലമുറയാണ് ഇത്തരം പ്രതിസന്ധികൾക്കിടയിൽ പെട്ട് നട്ടംതിരിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student DeathNEET Ugpaper leakMental StressRetest
News Summary - Ahead of NEET UG re-exam, 12 suicides in 37 days
Next Story