വിമാന ദുരന്തം: മരണ സഖ്യ ഉയരുന്നു
text_fieldsഅഹ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാന അപകടത്തിൽ 241 വിമാന യാത്രക്കാർ ഉൾപ്പെടെ 265 മരണം. വിമാനം തകർന്നുവീണ ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരാണ് മരിച്ച മറ്റുള്ളവർ. വിമാന യാത്രക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുകരമായി രക്ഷപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപകട സ്ഥലത്തെ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാവിലെ പൂർത്തിയായി. തുടർന്ന്, ഫോറൻസിക്, വ്യോമയാന വിദഗ്ധരുടെ പരിശോധനക്കായി സ്ഥലം വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, തകർന്നുവീണ് കത്തിയമർന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എ.എ.ഐ.ബി) വെള്ളിയാഴ്ച ബ്ലാക്ക് ബോക്സ് വീണ്ടെടുത്തത്.
ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള അന്വേഷണം. ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്ക്പിറ്റ് വോയ്സ് റെക്കോഡറും അടങ്ങിയതാണ് ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണവും ഇതിൽ റെക്കോഡാകും. അതോടെ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്‍ ബ്യൂറോക്ക് പുറമെ, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അടക്കം അന്വേഷണത്തിന് അഹ്മദാബാദിലെത്തി. അപകട കാരണം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന് നായിഡു വ്യക്തമാക്കി.
ഇതിനു പുറമെ അന്വേഷണത്തിന് ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിക്കും. വ്യോമയാന സുരക്ഷ ശക്തമാക്കാനുള്ള നിർദേശങ്ങളാണ് ഈ സമിതിയിൽനിന്ന് സര്‍ക്കാർ പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ അന്വേഷണ സംഘങ്ങളായ നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അന്വേഷണത്തിൽ സഹകരിക്കും. യു.കെയുടെ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും വിദഗ്ധ നിർദേശങ്ങള്‍ നല്‍കും.
എയര്‍ ഇന്ത്യയും ദുരന്തത്തില്‍ അന്വേഷണം തുടങ്ങി. ബോയിങ് ഡ്രീംലൈനര്‍ അപകടത്തിൽപെട്ട സാഹചര്യത്തെ അമേരിക്കയിലെ ബോയിങ് കമ്പനിയും ഗൗരവമായി കാണുന്നുണ്ട്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അഹ്മദാബാദിലെത്തി അപകടസ്ഥലവും ആശുപത്രിയും സന്ദർശിച്ചു. രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാറുമായി സംസാരിച്ചു. സംസ്ഥാന, സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ ദുരന്തത്തെക്കുറിച്ച് മോദിയോട് വിശദീകരിച്ചു.
വിമാനം തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. എന്നാൽ, അപകടത്തിൽ എത്രപേർ മരിച്ചുവെന്ന അന്തിമ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചക്ക് 1.40നായിരുന്നു അപകടം. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതില്‍ ആറ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ബാക്കിയുള്ളവ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍നിന്ന് ഡി.എൻ.എ ശേഖരിക്കുന്നുണ്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 242 പേരുമായി സഞ്ചരിച്ച ബോയിങ് 787 ഡ്രീംലൈനർ (AI 171) അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ മേഘാനിനഗർ പ്രദേശത്തെ മെഡിക്കൽ കോളജ് സമുച്ചയത്തിൽ ഇടിച്ചുകയറി കത്തുകയായിരുന്നു.
ഡ്രീംലൈനർ വിമാനസുരക്ഷ: പരിശോധനക്ക് ഉത്തരവിട്ട് ഡി.ജി.സി.എ
ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ, എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം. ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എയർ ഇന്ത്യയുടെ എല്ലാ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളെയും ഇത്തരത്തിൽ അടിയന്തര സുരക്ഷ പരിശോധനക്ക് വിധേയമാക്കും. പ്രാദേശിക ഡി.ജി.സി.എ ഓഫിസുകളുടെ നേതൃത്വത്തിലാകും പരിശോധന.
സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ വിമാനങ്ങൾ പുറപ്പെടുംമുമ്പ് ഒറ്റഘട്ട സുരക്ഷാ പരിശോധന നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി നിർദേശങ്ങളും പുറത്തിറക്കി. ഇന്ധന ടാങ്കുകളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തണം. വിമാന കാബിനുകളിൽ വായു നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. എൻജിൻ നിയന്ത്രിക്കുന്ന സ്വിച്ചുകളടക്കമുള്ള ഭാഗങ്ങൾ പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

