ന്യൂഡൽഹി: കാർഷിക നിയമ പരിഷ്കരണത്തിൽ കോൺഗ്രസ് നിലപാടിനെക്കുറിച്ച് മോദി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി പി. ചിദംബരം. കാർഷികോൽപന്ന വിപണന സംഘങ്ങൾ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി വക്താക്കളുടെയും വാദം കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകർക്ക് പ്രത്യേക സംഘടനകൾ വഴി കൂടുതൽ വിപണി സാമീപ്യം നൽകുന്നതിന് നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് ഉദ്ദേശിച്ചത്. കാർഷിക ചന്തകൾ മതിയായ അടിസ്ഥാന സൗകര്യത്തോടെ വിപുലപ്പെടുത്തണമെന്നാണ് കോൺഗ്രസിെൻറ കാഴ്ചപ്പാട്. ഇതുരണ്ടും നടപ്പാകുന്ന മുറക്ക് കാർഷികോൽപന്ന വിപണന സംഘങ്ങൾ പിൻവലിക്കുക എന്നതാണ് കോൺഗ്രസ് നയം. എന്നാൽ ആദ്യമേ തന്നെ സംഘങ്ങൾ ഇല്ലാതാക്കുകയാണ് മോദിസർക്കാർ ചെയ്യുന്നത്.
വ്യാപാരികളുടെ പാർട്ടിയാണ് ബി.ജെ.പി. കർഷകരുടെ താൽപര്യമല്ല, ഇടനിലക്കാരുടെയും കോർപറേറ്റുകളുടെയും താൽപര്യമാണ് അവർ നോക്കുന്നത്. സർക്കാർ നിയന്ത്രിത കാർഷിക വിപണി കർഷകർക്ക് ലഭ്യമാക്കുന്നത് തടയുന്നതാണ് നിയമ പരിഷ്കരണം. സ്വകാര്യ മൊത്ത കച്ചവടക്കാരിൽ നിന്ന് മിനിമം താങ്ങുവിലയേക്കാൾ കുറയാത്ത ന്യായവില കർഷകന് കിട്ടുന്നത് ഉറപ്പാക്കാൻ കാർഷിക ബില്ലിൽ വ്യവസ്ഥയില്ല. ചെറുകിട, നാമമാത്ര കർഷകർ എന്നൊരു വിഭാഗം തന്നെ ഇല്ലാതാകുമെന്നും ചിദംബരം പറഞ്ഞു.