അഗ്നിപഥ്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മായാവതിയും അഖിലേഷും
text_fieldsന്യൂഡൽഹി: അഗ്നിപഥിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.എസ്.പി അധ്യക്ഷൻ മായാവതിയും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. നോട്ടുനിരോധനം, ലോക്ഡൗൺ തുടങ്ങിയവപോലെ തിടുക്കത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയതെന്നും ഇതിലൂടെ നിരാശരായ യുവാക്കളോടുള്ള കേന്ദ്ര സർക്കാറിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും മായാവതി പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ വകതിരിവില്ലാത്ത പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭാവിയെ സംബന്ധിച്ചുള്ള സുരക്ഷിതത്വമില്ലായ്മയാണ് യുവാക്കളെ പദ്ധതിയെ എതിർക്കാൻ പ്രേരിപ്പിച്ചതെന്നും രാജ്യത്തിന്റെ വികസനത്തിന് ഇതു ദോഷകരമായി ബാധിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പിക്ക് അവരുടെ പിന്തുണ നഷ്ടമായി എന്നതാണ് എല്ലാ വിഭാഗത്തിൽനിന്നുമുള്ള എതിർപ്പ് തെളിയിക്കുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.