അഗ്നിപഥ് പ്രതിഷേധം: ബി.ജെ.പി എം.എൽ.എയുടെ കാറിന് നേരെ ആക്രമണം
text_fieldsപട്ന: കേന്ദ്രത്തിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ ബി.ജെ.പി എം.എൽ.എയുടെ കാറിന് നേരെ ആക്രമണം. കോടതിയിലേക്ക് പോവുകയായിരുന്ന ബി.ജെ.പി എം.എൽ.എ അരുണാ ദേവിയുടെ വാഹനത്തിന് നേരെയാണ് നവാഡയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞത്. എം.എൽ.എ അടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഡ്രൈവർക്കും രണ്ട് സുരക്ഷ ജീവനക്കാർക്കും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും പരിക്കേറ്റതായി എം.എൽ.എ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവാഡയിൽ ബി.ജെ.പി ഓഫിസും തകർത്തിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ അക്രമാസക്തമായ പ്രതിഷേധം തുടരുകയാണ്. പട്‌ന-രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. 'ഇന്ത്യൻ ആർമി ലവേഴ്‌സ്' എന്ന ബാനറിൽ സംഘടിച്ചെത്തിയവർ ബാബ്ഹുവാ റെയിൽവേ സ്‌റ്റേഷനിൽ ഇൻറർസിറ്റി എക്‌സ്പ്രസിന്റെ ഒരു കോച്ചിന് തീയിട്ടു.
അഗ്നിപഥ് പദ്ധതി പ്രകാരം നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടരാനാവുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

