ഹിമാചലിൽ പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം; അക്രമം
text_fieldsഹിമാചലിലെ സഞ്ചൗലിയിൽ പള്ളിയുടെ ഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ ജലപീരങ്കി ഉപയോഗിച്ച് നേരിടുന്ന പൊലീസ്
ഷിംല (ഹിമാചൽ പ്രദേശ്): സഞ്ചൗലി മേഖലയിലുള്ള പള്ളിയുടെ ഭാഗം പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹിന്ദു തീവ്രസംഘടനകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ‘ജയ്ശ്രീരാം’ വിളികളുമായെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിനാളുകളാണ് സഞ്ചൗലിയിലേക്ക് പ്രകടനമായി എത്തിയത്. രണ്ടാമത്തെ ബാരിക്കേഡും തകർത്തതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. ലാത്തിച്ചാർജിനുപുറമെ, ജലപീരങ്കിയും പ്രയോഗിച്ചു.
ഹിന്ദു ജാഗ് രൺ മഞ്ച് സെക്രട്ടറി കമൽ ഗൗതം ഉൾപ്പെടെ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കു സമീപം പൊലീസ് വീണ്ടും ബാരിക്കേഡ് ഉയർത്തി. പ്രതിഷേധക്കാരിൽ നിരവധി സ്ത്രീകളുമുണ്ടായിരുന്നു. ഇവർ ബാരിക്കേഡിന് മുന്നിലിരുന്ന് ‘ഹനുമാൻ ചാലീസ’ ഉരുവിടുന്നുണ്ടായിരുന്നു. ഡി.ജി.പി അതുൽ വർമ ഉൾപ്പെടെ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. സംഘർഷത്തിൽ വനിതാ പൊലീസിന് പരിക്കേറ്റു. പള്ളിയിൽ അനധികൃത നിർമാണം ആരോപിച്ച് തീവ്രഹിന്ദു സംഘടനകൾ ബന്ദ് ആഹ്വാനം നടത്തിയതിനെ തുടർന്ന്, പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു.
പൊലീസ് നടപടിയാണ് സംഘർഷ സാഹചര്യമുണ്ടാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 14 വർഷമായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും ഒക്ടോബർ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതി വാദം കേൾക്കുമെന്നും അവർ പറഞ്ഞു. വാദം പൂർത്തിയാകുന്നതുവരെ പള്ളി സീൽ വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വരുമ്പോൾ അവരുടെ രജിസ്ട്രേഷൻ നടത്തുക, ജനസംഖ്യാടിസ്ഥാനത്തിൽ കച്ചവടക്കാരുമായി ബന്ധപ്പെട്ട നയമുണ്ടാക്കുക, കച്ചവട ലൈസൻസ് 95 ശതമാനവും ഹിന്ദുക്കൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. പ്രശ്നത്തിൽ നിയമനടപടിയുണ്ടാകുമെന്നും എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഹിമാചൽ പ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് അഭ്യർഥിച്ചു.
സംഭവങ്ങൾക്ക് രാഷ്ട്രീയ നിറം നൽകരുതെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു അഭ്യർഥിച്ചു. പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിക്കരുതെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂറും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

