രാജ്യസഭ സസ്പെൻഷനെതിരെ രാഘവ് ഛദ്ദ സുപ്രീംകോടതിയിൽ
text_fieldsരാഘവ് ഛദ്ദ
ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ സുപ്രീംകോടതിയെ സമീപിച്ചു. പഞ്ചാബിനെ പ്രതിനിധാനംചെയ്യുന്ന തന്റെ സസ്പെൻഷൻ സംസ്ഥാനത്തെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന് കാണിച്ചാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ നടപടി ചോദ്യം ചെയ്തുള്ള ഛദ്ദയുടെ ഹരജി.
രാഘവ് ഛദ്ദക്ക് എം.പി എന്ന നിലക്ക് ആദ്യം അനുവദിച്ച ബംഗ്ലാവ് തിരിച്ചുപിടിച്ച് പകരം ഫ്ലാറ്റ് നൽകിയ രാജ്യസഭ സെക്രട്ടേറിയറ്റിന്റെ നടപടി ചോദ്യം ചെയ്ത് ഛദ്ദ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയതിന് ശേഷമാണ് സസ്പെൻഷനെതിരെ സെക്രട്ടേറിയറ്റിനെ എതിർകക്ഷിയാക്കി ഛദ്ദ സുപ്രീംകോടതിയിലെത്തിയത്.
ഡൽഹി സർക്കാറിന്റെ അധികാരം വെട്ടിച്ചുരുക്കുന്ന വിവാദ ബിൽ രാജ്യസഭ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയ നോട്ടീസിൽ അഞ്ച് എം.പിമാരുടെ പേരുകൾ അവരുടെ അനുമതിയില്ലാതെ ചേർത്തതിനായിരുന്നു രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്. ബില്ലിന്മേൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങൾ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ നിരത്തി നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.
ബില്ലിന്റെ വോട്ടെടുപ്പു വേളയിൽ അഞ്ച് എം.പിമാരുടെ പേരിൽ ഛദ്ദ വ്യാജ ഒപ്പുകളിട്ടാണ് പേർ നൽകിയതെന്ന് സഭയിൽ ആരോപിച്ച അമിത് ഷാ അന്വേഷണവും നടപടിയും വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ആരോപണം നിഷേധിച്ച രാഘവ് ഛദ്ദ ഒപ്പുകളില്ലെന്നും പേരുകൾ മാത്രമാണ് നൽകിയതെന്നും മറുപടി നൽകിയെങ്കിലും സർക്കാർ സസ്പെൻഷൻ പ്രമേയവുമായി മുന്നോട്ടുപോയി. ബി.ജെ.പി, ബിജു ജനതാദൾ, എ.ഐ.എ.ഡി.എം.കെ എം.പിമാരായ സുധാൻഷു ത്രിവേദി, ഫാംഗ്നോൻ കോൻയാക്, നർഹരി അമീൻ, തമ്പിദുരൈ, സസ്മിത് പത്ര എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ എം.പിമാരുടെ പേരുകൾക്കൊപ്പം പ്രമേയത്തിനുളള നോട്ടീസിൽ ഛദ്ദ ഉൾപ്പെടുത്തിയത്.
എം.പിമാരുടെ പേരുകൾ അവരുടെ അനുമതിയില്ലാതെ പ്രതിപക്ഷത്തിന്റെ നോട്ടീസിൽ ചേർത്ത പ്രവൃത്തി അധാർമികവും സഭാ മര്യാദക്ക് നിരക്കാത്തതുമാണെന്ന് രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്ത് വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. സസ്പെൻഷൻ സഭയുടെ അവകാശലംഘന കമ്മിറ്റി വിഷയം പരിശോധിക്കുന്നതുവരെ നീണ്ടുനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഒരു സഭാസമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്കായിരിക്കണം സസ്പെൻഷൻ എന്ന് രാജ്യസഭയുടെ 256ാം ചട്ടത്തിലുണ്ടെന്ന് ഛദ്ദ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. വർഷകാല സമ്മേളനവും പ്രത്യേക സമ്മേളനവും കഴിഞ്ഞിട്ടും സസ്പെൻഷൻ തുടരുകയാണ്. മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് 12 എം.എൽ.എമാരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ 2022ലെ സുപ്രീംകോടതി വിധി ഛദ്ദ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒരു സെഷന് അപ്പുറം ഒരു അംഗത്തിന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകരുതെന്ന് ഈ വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

