യു.പിക്ക് പിന്നാലെ ഹരിയാന; യൂത്ത് ലീഗ് ശാക്തീകരണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്
text_fieldsഅഡ്വ. മൻസൂർ അഹമ്മദ് (പ്രസിഡന്റ്), അഡ്വ. സലീം ഹുസ്സൈൻ (ജനറൽ സെക്രട്ടറി), സാജിദ് അലി ഖാൻ (ട്രഷറർ)
ന്യൂഡൽഹി: ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ ആസ്ഥാന മന്ദിരോദ്ഘാടനത്തിന് പിന്നാലെ മുസ്‍ലിം യൂത്ത് ലീഗ് സംഘടന ശാക്തീകരണ കാമ്പയിനുമായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഹരിയാന പൽവാലിലെ റാണിയാല ഖുർദിൽ വിളിച്ചുചേർത്ത സംസ്ഥാന സ്‌പെഷൽ കൗൺസിലിൽ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഹരിയാനയിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പരിപാടി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജില്ല പരിഷത്ത് തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. അസ്ഹറുദ്ദീൻ ചൗധരി 2500 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും രാഷ്ട്രീയ സാധ്യതയുള്ള പ്രദേശമാണ് ഹരിയാനയെന്ന് ആസിഫ് അൻസാരി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ശക്തമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം തുടർന്നു.
അഡ്വ. അസറുദ്ദീൻ ചൗധരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ടി.പി. അശ്‌റഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. ഹരിയാന സംസ്ഥാന സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ആശിഖ് ചെലവൂർ, എക്സിക്യൂട്ടീവ് അംഗം അഡ്വ. മർസൂഖ് ബാഫഖി, യു.പി സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ഇലാഹി, മീററ്റ് കോർപറേഷൻ കൗൺസിലർ റിസ്‌വാൻ അൻസാരി എന്നിവർ സംസാരിച്ചു. ഹരിയാന സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളായി അഡ്വ. മൻസൂർ അഹമ്മദ് (പ്രസിഡന്റ്), മുഹമ്മദ് അഷ്ഫാഖ്,
ഖാലിദ് പ്രധാൻ, മുഹമ്മദ് അനീഷ് (വൈസ് പ്രസിഡന്റുമാർ), അഡ്വ. സലീം ഹുസ്സൈൻ (ജനറൽ സെക്രട്ടറി), അഡ്വ. ആമിർ ഖാൻ, മുഹമ്മദ് ജാദ്, അഡ്വ. മുജാഹിദ് (സെക്രട്ടറിമാർ), സാജിദ് അലി ഖാൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

