തരൂരിന് പിന്നാലെ തലവേദനയായി മനീഷ് തിവാരിയും; സൈനികരെ പുകഴ്ത്തുന്ന ഗാനം പങ്കുവെച്ച് പ്രതികരണം
text_fieldsന്യൂഡൽഹി: ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ തുറന്നുകാട്ടാനും ഇന്ത്യൻ നിലപാട് വിശദീകരിക്കാനും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി സംഘത്തിനൊപ്പം പോകാൻ സമ്മതിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് എം.പി മനീഷ് തിവാരി. ധീരന്മാരായ സൈനികരെ പുകഴ്ത്തുന്ന സിനിമ ഗാനം പങ്കുവെച്ച് കൊണ്ടാണ് കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിച്ചതിനെ കുറിച്ച് മനീഷ് തിവാരി വിശദീകരിക്കുന്നത്.
1975ലെ 'ആക്രമൺ' എന്ന ബോളിവുഡ് സിനിമയിലെ കിഷോർ കുമാർ പാടിയ 'ദേഖോ വീർ ജവാനോൻ അപ്നേ ഖൂൻ പേ' എന്ന ഗാനത്തിന്‍റെ വരികളാണ് മനീഷ് തിവാരി എക്സിൽ പങ്കുവെച്ചത്. ഇതിലൂടെ രാജ്യത്തിന്‍റെ ക്ഷണത്തോട് താൻ എന്തുകൊണ്ട് പ്രതികരിച്ചുവെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടുകയാണ് തിവാരി.
അതേസമയം, മനീഷ് തിവാരിയുടെ എക്സിലെ കുറിപ്പിന് കമന്‍റിലൂടെ പ്രതികരണവുമായി ചിലർ രംഗത്തെത്തി. 'നിങ്ങളെ ചണ്ഡിഗഡിൽ നിന്ന് തെരഞ്ഞെടുത്തത് കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്നല്ലേ' എന്നായിരുന്നു കമന്‍റ്. 'കോൺഗ്രസും ആം ആദ്മി പാർട്ടിയുമെല്ലാം ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്‍റെ ഭാഗമല്ലേ' എന്നാണ് കമന്‍റിനോട് തിവാരി പ്രതികരിച്ചത്.
ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ തുറന്നുകാട്ടാനായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിലെ പ്രതിനിധികളുടെ പട്ടികയിൽ ശശി തരൂരിനെയും മനീഷ് തിവാരിയെയും കോൺഗ്രസ് ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പ്രകാരം ലോക്സഭ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയി, മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നേതൃത്വം കൈമാറിയത്.
തരൂരിനെയും തിവാരിയെയും കേന്ദ്ര സർക്കാരാണ് കോൺഗ്രസിന്‍റെ അഭിപ്രായം തേടാതെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കോൺഗ്രസിന്‍റെ അനുമതി തേടാതെ പ്രതിനിധി സംഘത്തെ നയിക്കാമെന്ന് ശശി തരൂർ കേന്ദ്ര സർക്കാറിനെ അറിയിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

