ആർ.ജി കറിനുശേഷം ബംഗാളിൽ വീണ്ടും കൂട്ടബലാൽസംഗത്തിനിരയായി മെഡിക്കൽ വിദ്യാർഥിനി; സംഭവം സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ
text_fieldsകൊൽക്കത്ത: പ്രമാദമായ ആർ.ജി കർ മെഡിക്കൽ കോളജ് സംഭവത്തിനു പിന്നാലെ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർഥിക്കു നേരെയുള്ള ലൈംഗികാതിക്രമം. ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി വെള്ളിയാഴ്ച രാത്രി പുരുഷ സുഹൃത്തിനൊപ്പം ലഘുഭക്ഷണത്തിനായി കോളജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കൂട്ടബലാത്സംഗത്തിന് ഇരയായി.
പെൺകുട്ടിയെയും സുഹൃത്തിനെയും ചില യുവാക്കൾ പിന്തുടരുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ പ്രതികൾ ഓടിച്ചുവിട്ടു. തുടർന്ന് കോളജ് കാമ്പസിന് പിന്നിലെ വനപ്രദേശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവിടെ വെച്ച് ബലാൽസംഗം ചെയ്തു. പ്രതികൾ മൊബൈൽ ഫോൺ തട്ടിയെടുത്ത് വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ നിന്ന് കൂടുതൽ ആളുകളുമായി സുഹൃത്ത് മടങ്ങിയെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നിലത്ത് കിടക്കുന്നത് കണ്ടെത്തി. തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗാപൂർ ന്യൂ ടൗൺഷിപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, കുറ്റവാളികളെ ആരെയും തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ബംഗാളിന് പുറത്തുനിന്നുള്ള പെൺകുട്ടിയുടെ രക്ഷിതാക്കൾ ദുർഗാപൂരിലെത്തി. മകൾ ഇവിടെ സുരക്ഷിതയല്ലെന്നും സുഖം പ്രാപിച്ചാൽ അവളെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മെഡിക്കൽ വിദ്യാർഥിനികൾക്കുനേരെയടക്കം അടുത്തിടെ നടന്ന ലൈംഗികാതിക്രമങ്ങളുടെ തുടർച്ചയാണ് പുതിയ സംഭവം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കാർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആശുപത്രി വളപ്പിനുള്ളിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധത്തിനിടയാക്കി.
ഈ വർഷം ജൂണിൽ ദക്ഷിണ കൊൽക്കത്തയിലെ ഒരു കോളജിലെ ഒരു നിയമ വിദ്യാർത്ഥിനിയെ അതേ കോളേജിലെ മുൻ വിദ്യാർഥിയും മറ്റ് രണ്ട് വിദ്യാർഥികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിന്റെ മുൻ നേതാവായിരുന്നു കേസിലെ പ്രധാന പ്രതി.രണ്ട് മാസങ്ങൾക്ക് മുമ്പ് ജോക്കയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പുരുഷ ഹോസ്റ്റലിനുള്ളിൽ മറ്റൊരു വിദ്യാർഥിയെ ബലാത്സംഗം ചെയ്തു.
ഇത്തരം കേസുകളിലെ അന്വേഷണത്തിലും വിധിന്യായങ്ങളിലും കാലതാമസം ഉണ്ടാകുന്നത് കുറ്റവാളികൾക്ക് ധൈര്യം പകരുന്നു. ഇതിന്റെ ഫലമായി ലൈംഗികാതിക്രമങ്ങളുടെയും ബലാത്സംഗങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായെന്നും ദേശീയ വനിതാ കമീഷൻ അംഗം അർച്ചന മജുംദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

