
പവാർ- മോദി കൂടിക്കാഴ്ച: മഹാരാഷ്ട്ര സർക്കാർ വീഴില്ലെന്ന് എൻ.സി.പി
text_fieldsമുംബൈ: ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച് ശനിയാഴ്ച ഒരു മണിക്കൂറോളം നേരം എൻ.സി.പി അധ്യക്ഷൻ ശരത് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ച മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാറിന് ഭീഷണി സൃഷ്ടിക്കില്ലെന്ന് പാർട്ടി. തങ്ങൾക്ക് ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ലെന്ന് എൻ.സി.പി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നുള്ള സഖ്യ സർക്കാറിൽ വിള്ളൽ വിഴുന്നുവെന്ന വാർത്തകൾക്കിടെയാണ് വിശദീകരണം. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മോദിയെ കണ്ടപ്പോഴും സമാന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സഖ്യകക്ഷികൾക്ക് ശിവസേന നൽകിയ സന്ദേശമാണെന്നായിരുന്നു അന്ന് പ്രചാരണം.
ശരത് പവാറുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസാണ് ചിത്രസഹിതം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ പ്രധാനമന്ത്രി മോദിയെ കണ്ടതായും ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ സംസാരിച്ചതായും പവാറും സമൂഹ മാധ്യമത്തിൽ കുറിച്ചു. പിറകെ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പാർട്ടി വക്താവ് മുംബൈയിൽ മാധ്യമങ്ങളെ കണ്ട് സാധ്യതകൾ തള്ളി. എൻ.സി.പിയും ബി.ജെ.പിയും പുഴയുടെ രണ്ട് അറ്റങ്ങളാണെന്നും ഒരിക്കലും തമ്മിൽ ചേരാനാകില്ലെന്നുമായിരുന്നു നവാബ് മാലികിന്‍റെ പ്രതികരണം. യോഗത്തെ കുറിച്ച് ഉദ്ധവിനും കോൺഗ്രസ് നേതാവ് എച്ച്.കെ പാട്ടീലിനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതികൾ, സഹകരണ മന്ത്രാലയ രൂപവത്കരണവും അമിത് ഷാക്ക് ചുമതല നൽകലും തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക അറിയിക്കാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
