'നടപടി കയ്യാങ്കളിക്കും സ്വത്ത് നശിപ്പിക്കലിനും എതിരെ; പ്രതിഷേധിച്ചതിനല്ല': വിദ്യാർഥികളെ പുറത്താക്കിയതിൽ ന്യായീകരണവുമായി എസ്.ആർ.എഫ്.ടി.ഐ
text_fieldsകൊൽക്കത്ത: സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്.ആർ.എഫ്.ടി.ഐ) ആറ് വിദ്യാർഥികളെ ഒരു വർഷത്തേക്ക് പുറത്താക്കിയ നടപടിയെ ന്യായീകരിച്ച് അധികൃതർ രംഗത്ത്. വിദ്യാർഥികൾ പ്രതിഷേധിച്ചതിന്റെ പേരിലല്ല അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സ്ഥാപനത്തിന്റെ സ്വത്ത് വികൃതമാക്കൽ, ശാരീരിക ആക്രമണം തുടങ്ങിയ പ്രത്യേക ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വിദ്യാർഥികൾക്ക് പിന്തുണയുമായി മുതിർന്ന നടൻ നസീറുദ്ദീൻ ഷാ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരണവുമായി രംഗത്ത് വന്നത്.
‘ക്യാമ്പസ് സ്വത്ത് നശിപ്പിക്കൽ, പൊതു ഇടങ്ങൾ വികൃതമാക്കൽ, ശാരീരികമായ കൈയേറ്റം തുടങ്ങിയ ഗുരുതരമായ അച്ചടക്കലംഘനങ്ങൾക്ക് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് നടപടിയെടുത്തത്. സമാധാനപരമായ പ്രതിഷേധങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് എപ്പോഴും മാനിക്കുന്നുണ്ടെന്നും, എന്നാൽ നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും’ അധികൃതർ കൂട്ടിച്ചേർത്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എസ്.ആർ.എഫ്.ടി.ഐ.
സെപ്റ്റംബർ 27-ന് ആർ.എസ്.എസ് അനുബന്ധ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് പ്രവർത്തകരും ഒക്ടോബർ നാലിന് ഹിന്ദു ജാഗരൺ മഞ്ചും ക്യാമ്പസിനുള്ളിൽ ആക്രമണം നടത്തിയതായി ആരോപിച്ചാണ് വിദ്യാർഥികൾ അക്കാദമിക് ബഹിഷ്‌കരണവും സമരവും ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 14-ന് വൈസ് ചാൻസലർ സന്തോഷ് അജ്മേറയെ തടഞ്ഞുവെച്ചെന്നാരോപിച്ചാണ് ആറ് വിദ്യാർഥികളെ അധികൃതർ റസ്റ്റിക്കേറ്റ് ചെയ്യുകയും നവംബർ 13 വരെ ക്ലാസുകൾ നിർത്തിവെച്ച് ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശിക്കുകയും ചെയ്തത്.
വിഷയത്തിൽ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ നസീറുദ്ദീൻ ഷാ രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരോട് പ്രതികാരം വീട്ടാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭാവി സിനിമാപ്രവർത്തകരെ ഭയപ്പെടുത്താനോ അവരുടെ ചിന്തകളെ സ്വാധീനിക്കാനോ ആണ് ഇത്തരം നടപടികളിലൂടെ അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ നസീറുദ്ദീൻ ഷായുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി. നേതൃത്വം ശക്തമായി രംഗത്തെത്തി. ഷായുടെ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. എം.പിയും വക്താവുമായ രാഹുൽ സിൻഹ ആവശ്യപ്പെട്ടു. വിദേശ ശക്തികളും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്നും രാഹുൽ സിൻഹ ആരോപിച്ചു.

