ഒഡിഷയിൽ ആക്രമണം നേരിട്ട പാസ്റ്ററോട് വീട് ഒഴിയണമെന്ന് ഉടമ
text_fieldsന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പാസ്റ്ററോട് വീണ്ടും ക്രൂരത. വാടകക്ക് താമസിക്കുന്ന വീട് ഒഴിയാൻ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനോട് ഉടമ ആവശ്യപ്പെട്ടു. എട്ടു വർഷമായി ഒരു പരാതിയുമില്ലാതെ താമസിച്ച വീട്ടിൽനിന്നാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇനി ആ വീട്ടിലേക്കും ഗ്രാമത്തിലേക്കും പോകാൻ പാസ്റ്റർക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ ഉദയനാഥ് ജെയിംസ് പറഞ്ഞു. വിശ്വാസമനുസരിച്ച് ജീവിക്കുന്നത് പാപമാണോയെന്നും അദ്ദേഹം ചോദിച്ചു.
ജനുവരി നാലിന് ധെൻകാനൽ ജില്ലയിലെ പാർജങ് പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന ഗ്രാമത്തിലാണ് ഇരുപതോളം യുവാക്കൾ ബിപിൻ ബിഹാരി നായിക്ക് എന്ന പാസ്റ്ററെ ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്. മർദിച്ച ശേഷം പാസ്റ്ററെ ചെരിപ്പുമാല അണിയിച്ച് പരസ്യമായി തെരുവിലൂടെ നടത്തിച്ചു. അഴുക്കുചാലിലെ വെള്ളം കുടിക്കാനും അടുത്തുള്ള ക്ഷേത്രത്തിന് മുന്നിൽ വണങ്ങാനും നിർബന്ധിക്കുകയും ചെയ്തു. സംഘ്പരിവാർ ഭീഷണിക്ക് പിന്നാലെയാണ് വീട് ഒഴിയാൻ ഉടമ നിർബന്ധിതരായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം, പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ ഒമ്പതുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

