'കോവിഡ് എെൻറ അമ്മയെ കൊണ്ടുപോയി, മറ്റാർക്കും ഈ ഗതി വരരുത്'; 'ഓക്സിജൻ ഓട്ടോ'യുമായി സീത രോഗികളെ കാത്തിരിക്കുന്നു
text_fieldsചെന്നൈ: കോവിഡിൽ അമ്മയെ നഷ്ടപ്പെട്ട സീത ദേവി വലിയ പാഠങ്ങളോടെയാണ് ജീവിതം പുനരാരംഭിച്ചത്. അമ്മക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനായി തെൻറ നീല ഓട്ടോറിക്ഷയിൽ ഓക്സിജൻ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത് അവരിരിക്കും. ചെന്നൈ രാജിവ് ഗാന്ധി ആശുപത്രിയിൽ മുറികിട്ടുന്നതുവരെ തെൻറ ഓട്ടോയിൽ രോഗികൾക്ക് അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്.
'' ഞങ്ങൾ മൂന്നൂറോളം രോഗികൾക്ക് ഇതിനകം ഓക്സിജൻ നൽകി. വരുന്നവർക്ക് മുന്നിൽ ഒരു ഉപാധിയും വെച്ചിട്ടില്ല. ഒരു പണവും സ്വീകരിച്ചില്ല'' -സീതാ ദേവി അഭിമാനത്തോടെ പറയുന്നു. ചെന്നൈയിലെ ചുമട്ടുതൊഴിലാളിയുടെ മകളായി തെരുവിൽ വളർന്ന സീതദേവി അമ്മയുടെ മരണത്തിൽ നിന്നും പാഠം ഉൾകൊണ്ടാണ് സാമൂഹ്യ പ്രവർത്തനത്തിന് ഇറങ്ങിയത്.
കഴിഞ്ഞ മെയ് ഒന്നിനാണ് സീതക്ക് അമ്മ വിജയയെ നഷ്ടമായത്. രാത്രി 12 മണിക്കൂറോളം കാത്തുനിന്നതിന് ശേഷമാണ് അവർക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
''അമ്മ മരിച്ചതിന് ശേഷം മറ്റൊരാളും ഓക്സിജൻ ലഭിക്കാതെ മരിക്കരുതെന്ന് ഞാൻ തീരുമാനമെടുത്തു. അന്നുമുതൽ ഞാനിത് തുടരുകയാണ്'' -സീത പറയുന്നു. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട പലർക്കും സീത ദേവി ഇപ്പോൾ സ്നേഹത്തിെൻറ മാലാഖയാണ്. ദേശീയ വാർത്ത ചാനലായ എൻ.ഡി.ടി.വി തങ്ങളുടെ സാമൂഹിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ സീത ദേവിക്ക് സംഭാവന നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

